കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് ശുദ്ധതട്ടിപ്പെന്ന് പി.സി. ജോര്‍ജ്

1 min read

ഈരാറ്റുപേട്ട: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍വ്വേ പ്രകാരം നാട്ടില്‍ മനുഷ്യര്‍ക്ക് താമസിക്കാനാവില്ലെന്നും വന്യമൃഗങ്ങള്‍ മാത്രം അവശേഷിക്കുമെന്നും ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവ് പി.സി. ജോര്‍ജ്. കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നും ഈ ഫണ്ട് വാങ്ങി കേരളത്തെ എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ജില്ലയിലെ 72.44 ശതമാനവും ഔദ്യോഗിക വനമാണ്. ഈ വനഭൂമിയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നതിനര്‍ഥം 31 വില്ലേജുകളില്‍ താമസിക്കുന്ന ജനങ്ങള്‍ ഇല്ലാതാവുന്നു എന്നാണ്. ചുരുക്കത്തില്‍ മനുഷ്യവാസമില്ലാത്ത, കടുവയുടെയും ആനയുടെയും കാട്ടുപന്നിയുടെയും മാത്രം സ്ഥലമായി ഇടുക്കി മാറും. ഇത് അനുവദിച്ചു കൊടുക്കാനാവില്ല. 600 കിലോമീറ്റര്‍ നീളവും 67 കിലോമീറ്റര്‍ ശരാശരി വീതിയുമുള്ള കേരളത്തില്‍ നിലവില്‍ 3 കോടി 60 ലക്ഷം ജനങ്ങളുണ്ട്. ഇത്രയും ജനം താമസിക്കേണ്ട ഈ കൊച്ചുസ്ഥലത്ത് ഇപ്പോള്‍ തന്നെ 31 ശതമാനം വനമാണ്. ഇനിയും വനഭൂമി കൂട്ടാന്‍ അനുവദിക്കണോ?, പി.സി ജോര്‍ജ് ചോദിച്ചു.

കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ട് എന്നത് സമ്പന്നരാഷ്ട്രങ്ങളിലുള്ളവര്‍ക്ക് പാവങ്ങളെ പറ്റിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ഈ ഫണ്ട് വാങ്ങി നമ്മള്‍ കേരളം എന്തിനാണ് വനഭൂമിയാക്കി മാറ്റുന്നത്? ഈ വര്‍ഷം മാത്രം 1000 കോടി രൂപ കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടായി വാങ്ങിയിട്ടുണ്ട് കേരളത്തിലെ വനംവകുപ്പ്. ഇത് എന്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് ആര്‍ക്കും അറിയില്ല.

മാത്രമല്ല, ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്നത് ആകാശദൂരമാണ്. റോഡ് മാര്‍ഗം വരുമ്പോള്‍ ഒമ്പത് കിലോമീറ്റര്‍ അടുപ്പിച്ച് വരും. ഇവിടെയുള്ള മനുഷ്യരൊക്കെ നാടുവിട്ടു പോകേണ്ടിവരും. ഇപ്പോള്‍ എന്തായാലും മുഖ്യമന്ത്രിക്ക് ജനവികാരം കുറേയൊക്കെ മനസ്സിലായിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമോയെന്ന് നോക്കാമെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിയുടെ ഇനിയുള്ള നിലപാടനുസരിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

62 ലക്ഷം മുടക്കി നടത്തിയ ആകാശസര്‍വ്വേ മുഴുവന്‍ തട്ടിപ്പാണ്. ആ റിപ്പോര്‍ട്ട് പ്രകാരം, എരുമേലിയ്ക്കപ്പുറം കുമളി എന്നാണ് കാണിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരുപറ്റം മഠയന്‍മാര്‍ ഉണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടാണിത്. അതുപോലെ, പള്ളിയും അമ്പലവും മസ്ജിദുമൊക്കെയുള്ള എരുമേലി പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ വനമാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോരുത്തോട് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകള്‍ ഇക്കോളജിക്കലി ഫ്രജൈല്‍ മേഖലയാണെന്നും ഇവിടെ മനുഷ്യവാസം പറ്റില്ലെന്നും പറയുന്നു. ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.