കേന്ദ്ര നിയമ മന്ത്രിക്ക് പരോക്ഷ മറുപടിയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

1 min read

സുപ്രീം കോടതിക്ക് ഒരു കേസും ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നില്ലെങ്കില്‍ പിന്നെ ഞങ്ങളെന്താണ് ഇവിടെ ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയായി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.

സുപ്രീം കോടതി ഗൗരവമല്ലാത്ത ജാമ്യ ഹര്‍ജികളും പൊതു താത്പര്യ ഹര്‍ജികളും കേള്‍ക്കുന്നത് അധിക ബാധ്യതയാണ് എന്നായിരുന്നു ഇന്നലെ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം. വിചാരണ കോടതികളില്‍ നാല് കോടിയലധികം കേസുകള്‍ കെട്ടികിടക്കുകയാണ്. ജഡ്ജിമാരുടെ അവധിയും പ്രവര്‍ത്തനവും പൗരന്മാരെ ബാധിക്കുന്ന വിഷയങ്ങളാണ്. സുപ്രീംകോടതിയെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ നല്ല അര്‍ത്ഥത്തിലാണെന്നും കിരണ്‍ റിജിജു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

ദീര്‍ഘകാലം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമ മന്ത്രിക്ക് പരോക്ഷ മറുപടിയുമായി രംഗത്ത് വന്നത്. ഇത്തരം ആളുകളുടെ പരാതികള്‍ കേള്‍ക്കാനാണ് ഇവിടെ ഇരിക്കുന്നതെന്നും ഇത്തരം കേസുകള്‍ എത്ര വൈകിയാണെങ്കിലും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

പൊതുതാല്‍പ്പര്യ ഹര്‍ജികളും ജാമ്യ ഹര്‍ജികളും സുപ്രീംകോടതി കേള്‍ക്കുന്നത് വലിയ ബാധ്യതയാണെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്. പ്രസ്താവനയെ എതിര്‍ത്ത് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്കിയിരിക്കുകയാണ്. അതേസമയം ജ!ഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് പരിമിതമായ അധികാരമേയുള്ളൂവെന്ന് മന്ത്രി ഇന്നും പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു.

Related posts:

Leave a Reply

Your email address will not be published.