നാഗ്പൂരില്‍ നിക്ഷേപിക്കൂ, എല്ലാ സൗകര്യവുമുണ്ട്’; ടാറ്റക്ക് കത്തെഴുതി ഗഡ്കരി

1 min read

മുംബൈ: നാഗ്പൂര്‍ നഗരത്തില്‍ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പിന് കത്തെഴുതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിക്ഷേപത്തിന്റെ പേരില്‍ മഹാരാഷ്ട്രയും ഗുജറാത്തും തര്‍ക്കമുള്ള സാഹചര്യത്തിലാണ് സ്വന്തം നഗരത്തിലേക്ക് മന്ത്രി ടാറ്റയെ ക്ഷണിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് മന്ത്രി കത്തെഴുതിയത്. സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉല്‍പ്പനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടത്. വ്യവസായ വികസനത്തിനുള്ള എല്ലാ അടിസ്ഥാന സൗകര്യവും നാഗ്പൂരിലുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 1.5 ലക്ഷം കോടിയുടെ ഫോക്‌സ്‌കോണ്‍വേതാന്ത പദ്ധതിയും 22000 കോടിയുടെ സൈനിക വിമാന പദ്ധതിയും ഗുജറാത്തിലേക്ക് പോയെന്ന വിവാദം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ നിക്ഷേപിക്കണമെന്നാവശ്യവുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയതെന്നും കൗതുകം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സ്വന്തം സംസ്ഥാനമാണ് ഗുജറാത്ത്. ഇലക്ട്രോണിക്‌സ്, പരാമ്പര്യേതര ഊര്‍ജം തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണെന്ന് ടാറ്റയും വ്യക്തമാക്കിയിരുന്നു. 3000 ഏക്കര്‍ വ്യാവസായിക ഭൂമി നാഗ്പൂരിലുണ്ടെന്നും ആറ് സംസ്ഥാനങ്ങളിലെ 350 ജില്ലകളുമായി ബന്ധപ്പെടാവുന്ന നഗരമാണെന്നും ഗഡ്കരി കത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഗുജറാത്തില്‍ വന്‍ പദ്ധതി ടാറ്റയും എയര്‍ബസും പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് സൈന്യത്തിന് ഗതാഗത വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. 22,000 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിക്കുന്നതെന്നും അറിയിച്ചു. സ്വകാര്യ കമ്പനി ഇന്ത്യയില്‍ സൈനിക വിമാനം നിര്‍മ്മിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും പദ്ധതിയുടെ ആകെ ചെലവ് 21,935 കോടിയാണെന്നും വിമാനം സിവിലിയന്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും പ്രതിരോധ സെക്രട്ടറി ഡോ അജയ് കുമാര്‍ പറഞ്ഞു. നിര്‍മാണ പ്ലാന്റ് ഞായറാഴ്ച വഡോദരയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം.

Related posts:

Leave a Reply

Your email address will not be published.