അലയന്‍സ് എയര്‍ മൈസൂരു-ബെംഗളൂരു-കൊച്ചി സര്‍വീസുകള്‍ നിര്‍ത്തി; യാത്രക്കാര്‍ക്ക് തിരിച്ചടി
1 min readകൊച്ചി: അലയന്‍സ് എയര്‍ നടത്തുന്ന മൈസൂരു-ബെംഗളൂരു-കൊച്ചി വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചു. യാത്രക്കാരുടെ എണ്ണം കുറവായതിന തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ( ഒക്ടോബര്‍ 31 ) മുതലാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. അതേസമയം തീരുമാനം കൊച്ചി-മൈസൂരു യാത്രക്കാരെ ബാധിക്കുമെന്നുറപ്പാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ റീജിയണല്‍ എയര്‍ കണക്റ്റിവിറ്റി സ്‌കീമായ ഉഡാനിന്റെ ഭാഗമായാണ് ബെംഗളൂരു-മൈസൂര്‍-കൊച്ചി വിമാനങ്ങള്‍ ആരംഭിച്ചത്. ഇത് പ്രകാരം ഒരു മണിക്കൂറിനുള്ളില്‍ കൊച്ചിയിലോ മൈസൂരുവിലോ എത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കുമായിരുന്നു. 2019 മാര്‍ച്ച് 31 നാണ് ഈ സേവനങ്ങള്‍ ആരംഭിച്ചത്. അടുത്ത ആറ് മാസത്തേക്ക് വിമാനങ്ങള്‍ റദ്ദാക്കിയതായി അലയന്‍സ് എയര്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരെ അറിയിച്ചു.
മൈസൂരുവിലേക്കും കേരളത്തിലേക്കും രാത്രി വൈകി ബസ് സര്‍വീസുകളില്ലാത്തതിനാല്‍, വിമാന സര്‍വീസുകള്‍ ബിസിനസുകാര്‍ക്ക് വലിയ സഹായമായിരുന്നു. കൊച്ചിയില്‍ നിന്ന് മൈസൂരുവിലെത്താന്‍ ബസില്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെയും ട്രെയിനില്‍ 12 മണിക്കൂറിലധികവും സമയം ആവശ്യമാണ്. മുന്‍കൂര്‍ ബുക്ക് ചെയ്യുമ്പോള്‍ 2,000 രൂപ മുതല്‍ 2,500 രൂപ വരെയായിരുന്നു വിമാന നിരക്ക്. അതേസമയം സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൈസൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള എക വിമാന സര്‍വീസായിരുന്നു ഇത്. ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി കൊച്ചിയിലെത്തുന്ന വിമാനം പിന്നീട് ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് പോകുന്നത്. ദക്ഷിണ കേരളത്തിലേക്ക് മൈസൂരുവില്‍ നിന്ന് ബെംഗളൂരു വഴിയുള്ള കൊച്ചുവേളി എക്‌സ്പ്രസ് മാത്രമാണ് ആകെയുള്ള തീവണ്ടി മാര്‍ഗം. ബന്ദിപ്പൂര്‍ വഴി രാത്രി യാത്ര നിരോധനമുള്ളതിനാല്‍ കുട്ട, മാനന്തവാടി വഴി ചുറ്റി വേണം റോഡ് മാര്‍ഗം തെക്കന്‍ കേരളത്തിലെത്താന്‍ എന്നത് യാത്രക്കാരെ വലയ്ക്കും.