ആഘോഷങ്ങളുടെ പൂരപ്പറമ്പാകാന്‍ ആലപ്പുഴ നഗരം ഒരുങ്ങുന്നു

1 min read

ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക് കൂടിയായപ്പോള്‍ ആലപ്പുഴ നഗരം ആഘോഷതിമിര്‍പ്പില്‍. ക്രിസ്തുമസ് അവധിക്കായി സ്‌കൂളുകളും കോളജുകളും അടച്ചതോടെ നഗരത്തില്‍ ഇന്നലെ മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചിറപ്പ് ആസ്വദിക്കുവാനും സാധനങ്ങള്‍ വാങ്ങിക്കുന്നതിനും രാവിലെ മുതല്‍ തന്നെ കോളേജ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ എത്തുന്നുണ്ട്. ഉച്ച കഴിയുമ്പോഴേയ്ക്കും തിരക്കിന്റെ കാര്യം പറയുകയേ വേണ്ട. വൈകുന്നേരമാകുന്നതോടെ കുടുംബ സമേതമാണ് ആളുകള്‍ ചിറപ്പിനെത്തുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് പുറമേ വമ്പന്‍ മേളകളും ചിറപ്പിന്റെ ഭാഗമായി ഒരുങ്ങിയിട്ടുണ്ട്.

കോവിഡിന് മുമ്പുള്ള ഏതാനും വര്‍ഷങ്ങളില്‍ ചിറപ്പിന്റെ പ്രധാന ഇനമായ കാര്‍ണിവല്‍ നടന്നിരുന്നില്ല. എന്നാല്‍ ഇത്തവണ മരണക്കിണര്‍ ഉള്‍പ്പടെയാണ് മുല്ലയ്ക്കല്‍ പോപ്പി ഗ്രൗണ്ടില്‍ കാര്‍ണിവല്‍ പുനരാരംഭിച്ചത്. 70 രൂപയാണ് റൈഡുകള്‍ക്ക് ഈടാക്കുന്നത്. കൂടാതെ ജയന്റ് വീല്‍, ട്രെയിന്‍, കപ്പലാട്ടം, കുട്ടികളുടെ വിവിധ റൈഡുകള്‍ എന്നിവയുണ്ട്. ഇഗ്വാന മുതല്‍ വിചിത്രയിനം പക്ഷി മൃഗാദികളുടെ പ്രദര്‍ശനം കാണാനും ധാരാളം പേര്‍ എത്തുന്നുണ്ട്. മ്യൂസിക്കല്‍ ലൈവ് പാനീയ കടകളോടാണ് യുവാക്കള്‍ക്ക് പ്രിയം. സംഗീതത്തിന്റെ അകമ്പടിയിലാണ് ഇവിടെ കുലുക്കി സര്‍ബത്ത് മുതലുള്ള പാനീയങ്ങള്‍ തയ്യാറാക്കുന്നത്. ശരീരത്തില്‍ തത്സമയമുള്ള പച്ചകുത്തല്‍ മുതല്‍ കാത് കുത്ത് വരെയുമായി അന്യസംസ്ഥാനക്കാരും രംഗത്തുണ്ട്. ഉത്തരേന്ത്യന്‍ ആഭരണങ്ങള്‍ തേടി നിരവധിപ്പേര്‍ എത്തുന്നു. ഇത്തരം ആഭരണങ്ങളുടെ വന്‍ ശേഖരമാണ് കച്ചവടക്കാര്‍ എത്തിച്ചിരിക്കുന്നത്. കുട്ടികളുടെ കളിപ്പാട്ടം മുതല്‍ അമ്മിക്കല്ല് വരെ മുല്ലയ്ക്കല്‍ കിടങ്ങാംപറമ്പ് വീഥിയില്‍ നിരന്നിട്ടുണ്ട്. ജനത്തിരക്ക് ക്രമാതീതമായതിനാല്‍ നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വനിതാ പൊലീസിനെ രംഗത്തിറക്കിയിട്ടുണ്ട്. അതേസമയം അന്യസംസ്ഥാന കച്ചവടക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയുണ്ട്.

ലഹരി ഉപയോഗിച്ച ശേഷം ഒപ്പമുള്ളവരോടും കുട്ടികളോടും ഇവര്‍ തട്ടിക്കയറുന്നത് പതിവായി മാറി. തുണിയില്‍ നിര്‍മ്മിച്ച പാവകള്‍, ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന പാവകള്‍, ഏറു പൊട്ടാസ്, മുളയിലയിലും ഇലകളിലും തീര്‍ത്ത പൂച്ചെടികള്‍, ബാഗുകള്‍, ചെരുപ്പുകള്‍, കീച്ചെയിനുകള്‍ എന്നിവ നഗരത്തിലെ നിരത്തുകള്‍ കീഴടക്കിയിട്ടുണ്ട്. പൊരിക്കടകളും കുലുക്കി സര്‍ബത്തും കരിമ്പും എന്നത്തേയും പോലെ തന്നെ വിപണന മേളകളില്‍ സജീവമാണ്. വിവിധതരം ബജികള്‍ ആവശ്യക്കാരുടെ കണ്‍മുന്‍പില്‍ തന്നെ പാകപ്പെടുത്തി നല്‍കുന്ന കടകളുമുണ്ട്. ഫാന്റസി സാധനങ്ങള്‍, പ്ലാസ്റ്റിക് പൂക്കള്‍, കളിപ്പാട്ടങ്ങള്‍, മാലകള്‍, കമ്മലുകള്‍, ഭരണികള്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങി സകലതും നിരത്തില്‍ ഇടംപിടിച്ചു തുടങ്ങി. 30 രൂപയുടെ കമ്മലുകളാണ് ട്രെന്‍ഡ്. പല മോഡലുകളിലുള്ള ജിമിക്കികള്‍ ഇത്തവണയും താരങ്ങളാണ്. 20 രൂപയുടെ തടിയില്‍ തീര്‍ത്ത വളകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്.

Related posts:

Leave a Reply

Your email address will not be published.