മോനിഷയുടെ ഓര്‍മ്മകള്‍ക്ക് 29 വയസ്സ്

1 min read

അരങ്ങുകള്‍ ബാക്കിയാക്കി മോനിഷയുടെ മടക്കം

മലയാള സിനിമയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പേരെടുത്ത ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മോനിഷ ഉണ്ണി. പതിനാറാം വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി താരം. ‘നഖക്ഷതങ്ങള്‍’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ. ചുരുങ്ങിയ കാലം കൊണ്ട് സിബി മലയില്‍, എം ടി വാസുദേവന്‍ നായര്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, അജയന്‍, കമല്‍ തുടങ്ങി നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു മോനിഷയ്ക്ക്. സംവിധായകനും എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായര്‍ മോനിഷയുടെ കുടുംബ സുഹൃത്തായിരുന്നു. മോനിഷയുടെ അഭിനയശേഷി തിരിച്ചറിഞ്ഞത് അദ്ദേഹമാണ്. എം ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന ചിത്രത്തിലേക്ക് എം ടി തന്നെയാണ് മോനിഷയെ ശുപാര്‍ശ ചെയ്തത്. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മോനിഷയെ തേടിയെത്തി. പിന്നീട് എം ടിയുടെ തന്നെ ‘പെരുംതച്ചനില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു മോനിഷ.

‘നഖക്ഷതങ്ങള്‍’ എന്ന ഫീച്ചര്‍ ഫിലിം ചെയ്യുന്നതിനുമുമ്പ്, 1984-ല്‍ പുറത്തിറങ്ങിയ ‘പാവയ്യ’ എന്ന തമിഴ് ഷോര്‍ട്ട് ഫിലിമിലൂടെയാണ് മോനിഷയുടെ അരങ്ങേറ്റം. കെ ഐ രാജനാരായണന്‍ എഴുതിയ ‘വിളൈവ്’ എന്ന ചെറുകഥയെ ആസ്പദമാക്കി യു.എസ്. വാസന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമായിരുന്നു ‘പാവയ്യ’.

 അഞ്ചാം വയസ്സിലാണ് മോനിഷ നൃത്ത പരിശീലനം ആരംഭിക്കുന്നത്. ഒമ്പതാം വയസ്സില്‍ ‘ശിവവര്‍ണം’ എന്ന പരിപാടിയില്‍ രണ്ട് മണിക്കൂര്‍ സോളോ ഡാന്‍സ് അവതരിപ്പിച്ചു. അത് താരത്തിന്റെ ആദ്യ സ്റ്റേജ് പ്രകടനമായിരുന്നു. ആറ് വര്‍ഷത്തിനുള്ളില്‍, 25-ലധികം ചിത്രങ്ങളാണ് മോനിഷ ഉണ്ണി തന്റെ പേരിലെഴുതി ചേര്‍ത്തത്. മിക്കതും നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങള്‍. ‘ആര്യന്‍’, ‘അധിപന്‍’, ‘കുറുപ്പിന്റെ കണക്ക് പുസ്തകം’, ‘പെരുംതച്ചന്‍’, ‘കടവ്’ തുടങ്ങിയവ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്.

1992 ഡിസംബര്‍ 5ന് ചേര്‍ത്തലയില്‍ വെച്ചുണ്ടായ കാറപകടത്തില്‍ മലയാളത്തിന് നഷ്ടപ്പെട്ടത് മികചൊരു അഭിനേത്രിയെയും നര്‍ത്തകിയെയുമായിരുന്നു. ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോകുന്നതിനിടെയായിരുന്നു കാറപകടം. എണ്ണമറ്റ അരങ്ങുകള്‍ ബാക്കിയാക്കി 21ാം വയസ്സിലായിരുന്നു മോനിഷയുടെ മടക്കം.

Related posts:

Leave a Reply

Your email address will not be published.