നോട്ടീസിന് പിന്നില്‍ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും; എം എം മണി

1 min read

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നില്‍ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താന്‍ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ് രാജേന്ദ്രന്‍ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് എം എം മണി പ്രതികരിച്ചു. അയാള്‍ കുടിക്കുന്ന വെള്ളത്തില്‍ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം എം മണി കട്ടപ്പനയില്‍ പറഞ്ഞു.

വീട് ഒഴിയണമെന്ന് കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നില്‍ എം എം മണി എംഎല്‍എയാണെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് ഭൂമി പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നാണ് ദേവികുളം സബ് കളക്ടറുടെ നിര്‍ദേശ പ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്. സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസില്‍ പറയുന്നത്. ബലമായി ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ഇടുക്കി എസ് പിക്ക് കത്തും നല്‍കിയിട്ടുണ്ട്. നോട്ടീസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഒഴിയാന്‍ തയ്യാറല്ലെന്നുമാണ് എസ് രാജേന്ദ്രന്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.