പാലക്കാട് കോടതി ഡ്യൂട്ടിക്കായി പോയി കാണാതായ സിഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി

1 min read

കല്‍പ്പറ്റ: കാണാതായ വയനാട് പനമരം സ്റ്റേഷന്‍ ഹൌസ് ഓഫിസറായ സിഐ കെ.എ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തുനിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതായത്. എലിസബത്തിനെ തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. പാലക്കാട്ടേക്ക് കോടതി ഡ്യൂട്ടിക്കായി പുറപ്പെട്ട സിഐ പാലക്കാട് എത്തിയതായി പൊലീസിന് വിവരം കിട്ടിയിരുന്നു. രണ്ട് ദിവസം മുന്‍പാണ് പനമരം പൊലീസ് സ്റ്റേഷനിലെ സിഐ കെ എ എലിസബത്തിനെ കാണാതാകുന്നതും അന്വേഷണം തുടങ്ങുന്നതും.

രണ്ട് വര്‍ഷം മുന്‍പ് പാലക്കാട് ആലത്തൂര്‍ സ്‌റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്.പനമരം സ്റ്റേഷനില്‍ നിന്ന് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പുറപ്പെട്ടു. എന്നാല്‍ കോടതിയില്‍ എത്തിയിരുന്നില്ല. അതേസമയം കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള വിവരം പൊലീസിന് ലഭിക്കുകയും ചെയ്തു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോടായിരുന്നു കല്‍പ്പറ്റയിലെ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ എത്താതത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍, ഔദ്യോഗിക ഫോണടക്കമുള്ള രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.

പാലക്കാടെത്തിയെന്ന വിവരം കിട്ടിയതിന് പിന്നാലെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാലക്കാട് തിരച്ചില്‍ തുടങ്ങിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് എലിസബത്ത് പാലക്കാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിട്ടായിരുന്നു കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള എലിസബത്ത് ആശുപത്രിയില്‍ ചികിത്സ തേടിയോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. അതേസമയം സംഭവത്തില്‍ എലിസബത്തിന്റെ കുടുംബം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published.