ശ്രീനാഥ് ഭാസിക്ക് എതിരായ പരാതി പിന്‍വലിക്കും

1 min read

ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടു നല്‍കി. ഇതേതുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവര്‍ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടന്‍ അവതാരകയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. സ്റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നല്‍കിയതിനെ തുടര്‍ന്നാണ് യുവതി പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, ഇത്തരത്തില്‍ അഭിമുഖം എടുക്കുന്നവരെ തുടര്‍ച്ചയായി നടന്‍ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ, അഭിമുഖ സമയത്ത് നടന്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അവതാരക പരാതി പിന്‍വലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.