തിരുവനന്തപുരത്ത് മാലിന്യങ്ങള്‍ക്ക് ഇടയില്‍ രാഷ്ട്രപിതാവിന്റെ ഫ്രെയിം ചിത്രം
1 min readതിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങള്‍ക്ക് ഇടയില്‍ രാഷ്ട്ര പിതാവിന്റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫീസിന്റെ സമീപത്തുള്ള അംഗന്‍വാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തില്‍ ചിത്രം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പൊലീസ് എത്തി ചിത്രം കൊണ്ട് പോയി.
ഇക്കഴിഞ്ഞ പത്താം തിയതി തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേയര്‍ ആര്യ രാജേന്ദ്രന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളുടെ കൂട്ടത്തില്‍ ആണ് രാഷ്ട്ര പിതാവിന്റെ ചിത്രം ലഭിച്ചത്. സ്ഥലവാസിയായ ഓരാള് ആണ് ചിത്രം മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പൊലീസ് എസ് ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിശ്വനാഥന് നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു.