ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടി 17കാരി

1 min read

ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ പതിനേഴുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.

തിരക്കേറിയ റോഡിലൂടെ പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ നിമിഷം ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ പെണ്‍കുട്ടിയെ സഹായിക്കുന്നത് വീഡിയോയില്‍ കാണാം. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മറ്റൊരു കാര്‍ കയറി ഇറങ്ങാതെ പോയത് തലനാരിഴയ്ക്കാണെന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിലെത്തിയ മറ്റൊരാള്‍ റോഡില്‍ വീണുകിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതും വീഡിയോയില്‍ കാണാം.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞതിന് ശേഷം പെണ്‍കുട്ടി ഓട്ടോറിക്ഷയില്‍ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോ ഡ്രൈവറായ സയ്യിദ് അക്ബര്‍ ഹമീദ് പൊതുവായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ ക്രമേണ പെണ്‍കുട്ടിയെ ഭയപ്പെടുത്തുന്ന അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി. പിന്നീട് അയാള്‍ ആശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും വാഹനത്തിന് വേഗം കൂട്ടുകയും ചെയ്തു. ഇതോടെ ഭയന്ന പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ പിടികൂടാനായത്. റോഡിലെ 40 സിസിടിവികളുടെ സഹായത്തോടെ ഓട്ടോ ഡ്രൈവറുടെ സ്ഥലം കണ്ടെത്തി. ഹമീദ് എന്ന ഓട്ടോ ഡ്രൈവര്‍ മുംബൈ നിവാസിയാണ്. അഞ്ച് മാസം മുമ്പ് ഔറംഗബാദിലേക്ക് താമസം മാറിയ ഇയാള്‍ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.