ദേശീയപാത വികസനത്തിനായി വഴിമാറി നാടിന്റെ അക്ഷര വെളിച്ചും
1 min readഅമ്പലപ്പുഴ: ഒരു നാടിന്റെ അക്ഷര വെളിച്ചമായി മാറിയ ഗ്രന്ഥശാല ഇനി ഓര്‍മകളില്‍. നീര്‍ക്കുന്നം ജന സേവിനി ഗ്രന്ഥശാലാക്കെട്ടിടമാണ് ദേശീയപാതാ വികസനത്തിനായി പൊളിച്ചുമാറ്റുന്നത്. 1949 ല്‍ നീര്‍ക്കുന്നം ജംഗ്ഷന് സമീപം താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രന്ഥശാലക്ക് പിന്നീട് 1955 ലാണ് 6 സെന്റ് സ്ഥലം വാങ്ങിയത്. ഇവിടെ 1956 ല്‍ ആരംഭിച്ച കെട്ടിട നിര്‍മാണം 1958 ല്‍ പൂര്‍ത്തിയായി. നിലവില്‍ എ ഗ്രേഡായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയില്‍ 14,957 പുസ്തകങ്ങളാണുള്ളത്.
ഗ്രന്ഥശാലയില്‍ 2,930 അംഗങ്ങളുണ്ട്. ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കാനായി എം എല്‍ എ ആയിരുന്ന ജി സുധാകരന്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും പഞ്ചായത്തിന്റെ ഉടമസ്ഥതയിലില്ലാത്തതുമായ സ്ഥലത്തിന് ആസ്തി വികസന ഫണ്ട് ചെലവഴിക്കാന്‍ സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയതോടെ പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് എം. എല്‍. എയുടെ ഇടപെടലിനെത്തുടര്‍ന്ന് ധനകാര്യ വകുപ്പിറക്കിയ പ്രത്യേക ഉത്തരവിലൂടെ ഈ സാങ്കേതിക തടസ്സം മാറുകയായിരുന്നു. ദേശീയ പാതാ വികസനത്തിനായി ഒന്നര സെന്റ് സ്ഥലവും കെട്ടിടത്തിന്റെ മുന്‍ ഭാഗവും നഷ്ടപ്പെടും. എന്നാല്‍, കെട്ടിടം കാലപ്പഴക്കമുള്ളതിനാല്‍ പൂര്‍ണമായും പൊളിച്ചു നീക്കുകയാണ്. ശേഷിക്കുന്ന സ്ഥലത്ത് ഉടന്‍ തന്നെ പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കുമെന്ന് സെക്രട്ടറി നന്ദകുമാര്‍ പറഞ്ഞു. താല്‍ക്കാലികമായി ലൈബ്രറി പ്രവര്‍ത്തനം തൊട്ടരികിലുള്ള ദേവപ്രഭ കെട്ടിടത്തിലേക്ക് മാറ്റും.