കൊല്ലം എസ്എന്‍ കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്കാരന് വേണ്ടി കോടതിയില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ്

1 min read

കൊല്ലം: എസ് എന്‍ കോളേജ് സംഘര്‍ഷത്തില്‍ പിടിയിലായ എസ് എഫ്‌ഐ പ്രവര്‍ത്തകന് വേണ്ടി കോടതിയില്‍ ഹാജരായത് കെ എസ് യു ജില്ലാ പ്രസിഡന്റായ അഭിഭാഷകന്‍. സംഭവത്തില്‍ ജില്ലാ പ്രസിഡന്റിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തി. അറസ്റ്റിലായ പ്രവര്‍ത്തകരെ എസ് എഫ് ഐ ജില്ലാ നേതൃത്വം സംരക്ഷിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

എ ഐ എസ് എഫ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകരാണ് നേരത്തെ റിമാന്റിലായത്. കേസില്‍ മൊത്തം 20 പ്രതികള്‍ ഉണ്ട്. എന്നാല്‍ മറ്റാരേയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ട് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത്. ഇതില്‍ ആദിത്യന്‍ എന്ന എസ് എഫ് ഐ പ്രവര്‍ത്തകന് വേണ്ടിയാണ് കെ എസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ഹാജരായത്.

കോളേജില്‍ എസ് എഫ് ഐയുടെ അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്ന കെ എസ് യു നേതാക്കള്‍ തന്നെ വധശ്രമക്കേസ് പ്രതിക്ക് വേണ്ടി ഹാജരായി എന്നതാണ് പ്രവര്‍ത്തകര്‍ക്കിടയിലെ വിമര്‍ശനം. എന്നാല്‍ ആദിത്യന്റെ കുടുംബം സമീപിച്ചത് കൊണ്ടാണ് കേസ് ഏറ്റെടുത്തതെന്നാണ് വിഷ്ണുവിന്റെ വിശദീകരണം.

കെ എസ് യു നേതാവ് വാദിച്ച പ്രതിക്ക് ജാമ്യം കിട്ടുകയും പാര്‍ട്ടി വക്കീല്‍ വാദിച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടാതാവുകയും ചെയ്തതോടെ എസ് എഫ് ഐ ജില്ലാ നേതൃത്വം വെട്ടിലായി. കോടതി ക്രിസ്മസ് അവധിയിലേക്ക് നീങ്ങുന്നതോടെ മറ്റു 3 പേര്‍ക്ക് ജാമ്യം കിട്ടാന്‍ ഇനിയും വൈകും. കേസിലകപ്പെട്ട എസ് എഫ് ഐക്കാരെ നേതാക്കള്‍ സംരക്ഷിച്ചില്ലെന്ന ആരോപണവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.

Related posts:

Leave a Reply

Your email address will not be published.