നിധി തേടിയെത്തി, ബലി നല്‍കാന്‍ യുവതി വന്നില്ല; കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്നു

1 min read

തമിഴ്‌നാടിനെ ഞെട്ടിച്ച് നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് കര്‍ഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തിയത്. നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം. തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കര്‍ഷകനായ ലക്ഷ്മണനെയാണ് ബുധനാഴ്ച സ്വന്തം കൃഷിയിടത്തില്‍ തലതകര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മന്ത്രവാദം നടന്നതിന്റെ സൂചനയായി നാരങ്ങ, സിന്ദൂരം, കര്‍പ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപമുണ്ടായിരുന്നു.

നരബലി നടന്നെന്ന സംശയത്തെ തുടര്‍ന്ന് ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധര്‍മപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മണനുമായി അവസാനം ഫോണില്‍ സംസാരിച്ചത് മണിയാണ്. മന്ത്രവാദിയായ ഇയാള്‍, ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു.

വെറ്റിലത്തോട്ടത്തില്‍ നിധിയുണ്ടെന്ന് ലക്ഷ്മണനെ മണി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നരബലി നല്‍കാനായി മണിയുടെ അടുത്തു സ്ഥിരമായി ചികിത്സയ്‌ക്കെത്തുന്ന യുവതിയെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. ചികിത്സയ്‌ക്കെന്ന വ്യാജേന വെറ്റിലത്തോട്ടത്തിലേക്ക് വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പൂജ തുടങ്ങി ഏറെനേരം കഴിഞ്ഞിട്ടും യുവതി എത്തിയില്ല.

ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ലക്ഷ്മണനെ ബലി നല്‍കാന്‍ മണി തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നിധിക്കായി ഇയാള്‍ തോട്ടത്തിലാകെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published.