50ാം വിവാഹവാര്‍ഷികത്തില്‍ 50 സ്ത്രീകള്‍ക്ക് സഹായധനം നല്‍കാന്‍ ജോസഫും ഭാര്യ സൂസന്നയും

1 min read

കോട്ടയം: 50ാം വിവാഹവാര്‍ഷികം വ്യത്യസ്തമാക്കി ആഘോഷിച്ച് ദമ്പതികള്‍. കളത്തിപ്പടി സൂസന്‍ വില്ലയില്‍ താമസിക്കുന്ന തോട്ടയ്ക്കാട് കൊണ്ടോടിക്കല്‍ ഏര്‍ത്തോട്ട് വീട്ടില്‍ ജോസഫും ഭാര്യ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനി സൂസന്നയും ആണ് വ്യത്യസ്തമായി ആഘോഷിച്ചത്. 50 സ്ത്രീകള്‍ക്ക് 5000 രൂപ വീതം സ്‌നേഹ സമ്മാനം നല്‍കാനാണ് ഇവരുടെ തീരുമാനം. ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹായത്തോടെ അര്‍ഹരായവരെ തിരഞ്ഞെടുത്തു. ജോസഫിന്റെയും സൂസന്നയുടെയും വിവാഹം നടന്ന തോട്ടയ്ക്കാട് സെന്റ്‌ജോര്‍ജ് പള്ളിയില്‍ നാളെ 3.30നു സഹായധനം കൈമാറും.

1972 ഡിസംബര്‍ 28ന് ആയിരുന്നു ഇരുവരുടെയും വിവാഹം. അറുപതുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു സൈക്കോളജി പഠിച്ചിറങ്ങിയ ജോസഫിന് സ്വിസ് സര്‍ക്കാര്‍ വകുപ്പിലായിരുന്നു ജോലി. ഭിന്നശേഷിക്കാരെ കണ്ടെത്തി അവര്‍ക്കു സ്വന്തം വീട്ടില്‍ ജീവിച്ചു വരുമാനമുണ്ടാക്കാനുള്ള വഴികള്‍ കണ്ടെത്തുകയായിരുന്നു ചുമതല. ഇതിനിടയില്‍ സൂസന്നയെ കണ്ടുമുട്ടി. 1977ല്‍ ഇരുവരും ചേര്‍ന്ന് റീഹാസ്വിസ് എന്ന സന്നദ്ധ സംഘടനയ്ക്കു രൂപംകൊടുത്തു.

7 സംസ്ഥാനങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്കാണു റീഹാസ്വിസ് സഹായം എത്തിക്കുന്നത്. സ്വിസ് സര്‍ക്കാര്‍ ഉള്‍പ്പെടെ പലയിടത്തുനിന്നും സഹായം വാങ്ങി ഇന്ത്യയിലെ ഭിന്നശേഷിക്കാര്‍ക്കു നല്‍കുകയായിരുന്നു ലക്ഷ്യം. ഇതുവരെ അരലക്ഷത്തിലേറെ പേര്‍ക്കു പ്രതീക്ഷയുടെ പുതുവഴി തുറന്നുനല്‍കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ബംഗ്ലദേശിലും സഹായം എത്തിച്ചു.10 വര്‍ഷം മുന്‍പാണ് ഇരുവരും കോട്ടയത്തു സ്ഥിരതാമസമാക്കിയത്. ഇതിനിടെ സൂസന്‍ ‘ആശ ടാലന്റ് ഫൗണ്ടേഷന്‍’ എന്ന പേരില്‍ സ്ത്രീകള്‍ക്കായി മറ്റൊരു പദ്ധതി നടപ്പാക്കി.

തുണി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിച്ചു വിറ്റു പണം നല്‍കുകയാണു ചെയ്യുന്നത്. തോട്ടയ്ക്കാട് കുടുംബ വീതമായി കിട്ടിയ ഭൂമിയിലെ റബര്‍ വെട്ടി അവിടെ അശരണര്‍ക്ക് ആടുവളര്‍ത്തല്‍ കേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് ജോസഫും സൂസന്നയും. ദമ്പതികളുടെ മൂത്തമകന്‍ സന്തോഷ് ജോസഫും ഇളയമകന്‍ സുഷീല്‍ ജോസഫും ഇവരുടെ കുടുംബവും സ്വിറ്റ്‌സര്‍ലന്‍ഡിലാണ്.

Related posts:

Leave a Reply

Your email address will not be published.