വാഹനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ കാശില്ലാതെ കൊച്ചി പൊലീസ്; ഇന്ധന കുടിശ്ശിക ലക്ഷങ്ങള്‍
1 min readരജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ രാജ്യത്തെ ക്രൈം കാപ്പിറ്റല്‍ എന്നറിയപ്പെടുന്ന കൊച്ചിയില്‍ പൊലീസ് വാഹനങ്ങള്‍ കട്ടപ്പുറത്ത്. 24 മണിക്കൂറും നഗരത്തില്‍ റോന്തു ചുറ്റേണ്ട 12 കണ്‍ട്രോള്‍ റൂം വാഹനങ്ങളാണ് ദിവസങ്ങളായി എണ്ണയടിക്കാന്‍ കാശില്ലാതെ ഒതുക്കിയിട്ടിരിക്കുന്നത്. പെട്രോള്‍ ബങ്കുകള്‍ക്കും വര്‍ക് ഷോപ്പുകള്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശിക.
മന്ത്രിമാര്‍ക്കും കോര്‍പറേഷന്‍ അധ്യക്ഷന്‍മാര്‍ക്കും ബുളളറ്റ് പ്രൂഫ് അടക്കം ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ കൈയ്യിട്ട് വാരുന്‌പോഴാണ് കൊച്ചി നഗരത്തില്‍ ഡീസല്‍ അടിക്കാന്‍ കാശില്ലാതെ പൊലീസ് വാഹനങ്ങള്‍ കട്ടപ്പുറത്തിരുക്കുന്നത്. എറണാകുളം കണ്‍ട്രോള്‍ റൂമിന്റെ കീഴില്‍ മാത്രം 24 വാഹനങ്ങളുണ്ട്. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുത്തിയതാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഇവ റോന്തു ചുറ്റേണ്ടത്. ഇതില്‍ 12 എണ്ണമാണ് എണ്ണനിറയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കാശില്ലാതെ കിടക്കുന്നത്. എറണാകുളം നഗരത്തിലെ എ ആര്‍ കാന്പില്‍ മാത്രം 5 പെട്രോളിങ് വാഹനങ്ങള്‍ ഒതുക്കിയിട്ടിട്ടുണ്ട്.
ഒരു വാഹനത്തിന് ശരാശരി 200 ലീറ്റര്‍ ഡീസല്‍വ മാസം തോറും വേണമെന്നാണ് കണക്ക്. ഒരു വാഹനത്തിന് ശരാശരി ഇരുപതിനായിരം രൂപ ഇന്ധന ചെലവ് കണക്കാക്കിയാലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് മാത്രം ശരാശരി പ്രതിമാസം 5 ലക്ഷത്തിലധികം ചെലവ് വരും. എംജി റോഡിലേതടക്കം മൂന്നു പെട്രോള്‍ ബങ്കുകളില്‍ നിന്നാണ് ഡീസല്‍ നിറച്ചിരുന്നത്. ഇവര്‍ക്ക് ലക്ഷങ്ങള്‍ കുടിശ്ശികയായതോടെയാണ് കടവീട്ടാതെ ഇന്ധനംമില്ലെന്ന് തീര്‍ത്തു പറഞ്ഞത്. പതിവായി അറ്റകുറ്റപ്പണി നടത്തുന്ന വര്‍ക് ഷോപ്പുകളിലും ഇത് തന്നെയാണവസ്ഥ. എന്നാല്‍ ഇതേക്കുറിച്ച് ആരോടും ഒന്നും മിണ്ടിപ്പോകരുതെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം
ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ യാത്രയിലടക്കം സുരക്ഷാ വീഴ്ചയുണ്ടാവുകയും നഗരത്തില്‍ വാഹനത്തിനുളളില്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്ത സംഭവം പുറത്തുവരുന്‌പോള്‍ തന്നെയാണ് കൊച്ചി ഹൈടെക് പൊലീസിന്റെ ഈ ഗതികേടും പുറത്ത് വരുന്നത്.