രാഹുല്‍ ഗാന്ധിയെ ഉടന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി

1 min read

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടി അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖര്‍ഗെ തയ്യാറാകണമെന്ന് ബിജെപി. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ചൈനീസ് സൈനികരുടെ മര്‍ദ്ദനമേറ്റെന്ന രാഹുല്‍ ഗാന്ധിയുടെ പരാമാര്‍ശത്തിനെതിരെയാണ് ബിജെപിയുടെ പ്രതികരണം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷ സ്ഥാനം ആരുടെയെങ്കിലും റിമോട്ട് നിയന്ത്രണത്തില്‍ അല്ലെങ്കില്‍, പ്രതിപക്ഷ പാര്‍ട്ടി രാജ്യത്തോടൊപ്പം നില്‍ക്കുന്നു എങ്കില്‍, അദ്ദേഹം നടത്തിയ രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനോവീര്യം തകര്‍ക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍, രാഹുല്‍ ഗാന്ധിയെ പുറത്താക്കണമെന്നും ബിജെപി വക്താവ് ഗൌരവ് ഭാട്ടിയ പറഞ്ഞു.

ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസാരവത്കരിക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. ‘ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്, ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ നമ്മുടെ സൈനികരെ മര്‍ദ്ദിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ചൈന ‘ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റാന്‍’ ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ചൈനയുടെ ഈ നീക്കം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉരസലിന് കാരണമാവുകയും ഇരുവശത്തുമുള്ള സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ചൈന നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 2020 ന് ശേഷമുള്ള ഏറ്റവും ഗൗരവതരമായ സംഗതിയായാണ് കഴിഞ്ഞയാഴ്ച്ചത്തെ തവാങ് സംഘര്‍ഷത്തെ വിലയിരുത്തുന്നത്. ടിബറ്റിന്റെ ഭാഗമാണെന്ന് ബെയ്ജിംഗ് അവകാശപ്പെടുന്ന, അരുണാചല്‍ പ്രദേശിന്റെ നിയന്ത്രണത്തിനായി 1962ല്‍ ചൈനയും ഇന്ത്യയും തമ്മില്‍ യുദ്ധം നടന്നിട്ടുണ്ട്. ഇവിടം ഇപ്പോഴും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കപ്രദേശമായി നിലനില്‍ക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.