മിനി മുത്തൂറ്റിന് വന്‍ പ്രഹരം കാപ്പികോ റിസോര്‍ട്ട് പൊളിക്കല്‍ തുടങ്ങി.

1 min read

ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്താണ് കാപ്പിക്കോ റിസോര്‍ട്ട് പണിതുയര്‍ത്തിയത്. കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പ് മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്നായിരുന്നു റിസോര്‍ട്ട് നിര്‍മ്മിച്ചത്. കാപ്പിക്കോ കേരള റിസോര്‍ട്ട് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്.  തീരദേശ പരിപാലന ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. എങ്കിലും കോവിഡ് മഹാമാരി കാരണം പൊളിക്കല്‍ നടപടി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം കഴിഞ്ഞ മാസം ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ വിഷയത്തില്‍ ഇടപെടുകയും, ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി റിസോര്‍ട്ട് കയ്യേറിയ 2.9 ഹെക്ടര്‍ ഭൂമി ജില്ലാ ഭരണകൂടം തിരിച്ച് പിടിക്കുകയും ചെയ്തു.

പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തില്‍ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് പണി കഴിപ്പിച്ചത്. റിസോര്‍ട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രിം കോടതി വിധി. റിസോട്ടില്‍ 54 വില്ലകള്‍ അടക്കം 72 കെട്ടിടങ്ങളുണ്ട്. ഇവയെല്ലാം പൊളിച്ചുനീക്കും. ഇന്ന് രാവിലെ 10.47ഓടെയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സ്ഥലത്ത് നേരിട്ടെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.2 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതിന്റെ ബാക്കി വരുന്ന 2.9 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

തുടക്കത്തില്‍ റിസോട്ടിന്റെ രണ്ടു വില്ലകളും പിന്നീട് ബാക്കിയുള്ളവയും പൊളിക്കും. നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള അനുബന്ധ സൌകര്യങ്ങളോട് കൂടിയാണ് ഇവിടുത്തെ വില്ലകള്‍. റിസോര്‍ട്ട് ഉടമകളുടെ ചെലവിലാണ് പൊളിക്കുന്നത്. പൊളിച്ച സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഉടമകള്‍ കരാര്‍ നല്‍കിയതായാണ് വിവരം. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ റിസോര്‍ട്ട് ഉടമകളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. കായലിലേക്ക് വീണും മറ്റും പരിസര മലിനീകരണം പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിസോര്‍ട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. റിസോര്‍ട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവ് വന്ന് 31 മാസങ്ങള്‍ക്കു ശേഷമാണ് റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചായിരുന്നു റിസോര്‍ട്ട് നിര്‍മിച്ചത്. റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2018ല്‍ കേരള ഹൈക്കോടതി ഉത്തരിവിട്ടിരുന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീകോടതി ഉത്തരവ് വന്നത്.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപിക്കോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് കേരള ഹൈക്കോടതി കാപിക്കോ വാമികോ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

Related posts:

Leave a Reply

Your email address will not be published.