കമല്‍ നാഥും ബി.ജെ.പിയിലേക്കോ
1 min readമുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ബി.ജെ.പിയില്‍ ചേരുമോ. ഇപ്പോള്‍ ശക്തമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നാണിത്. സോണിയാ-രാഹുല്‍ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്ന നേതാവാണ് കമല്‍നാഥ്. ഇതേ തുടര്‍ന്ന് കമല്‍നാഥുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുരഞ്ജന ചര്‍ച്ച നടത്തുകയാണത്രെ. ഏപ്രില്‍ രണ്ടിനാണ് മദ്ധ്യപ്രദേശില്‍ നിന്ന് അഞ്ച് രാജ്യസഭാ സീറ്റുകള്‍ ഒഴിവു് വരുന്നത്. ഇതില്‍ നാലെണ്ണം ബി.ജെ.പിക്കാണ്. കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന് നകുല്‍ നാഥിന് മദ്ധ്യപ്രദേശിലെ ചിന്ദ് വാര ലോകസഭാ സീറ്റും കേന്ദ്രമന്ത്രിസഭാംഗത്വവും നല്‍കാമെന്നാണ് ബി.ജെ.പി വാഗ്ദാനം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍യാദവും മുന്‍ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനും കമല്‍നാഥിനെ ബി.ജെ.പിയിലെത്തിക്കാന്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ട്.
കോണ്‍ഗ്രസ് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍കയും ബി.ജെ.പിയില്‍ ചേരുമെന്ന സൂചനയുണ്ട്. കമല്‍നാഥുമായി വളരെ അടുപ്പമുള്ളയാളാണ് തന്‍ക. ജബല്‍പൂര്‍ മേയര്‍ ജഗത് ബഹാദൂര്‍ സിംഗും മദ്ധ്യപ്രദേശ് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കണ്‍വീനര്‍ ശശാങ്ക് ശേഖറും ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. കമല്‍നാഥിന് മദ്ധ്യപ്രദേശില്‍ നിന്നുള്ള ഏക രാജ്യസഭാ സീറ്റ് നല്‍കേണ്ട എന്ന നിലപാടായിരുന്നുവത്രെ രാഹുല്‍ഗാന്ധി സ്വീകരിച്ചത്. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കമല്‍നാഥിനെ മാറ്റി എതിരാളിയായ ജീതു പട്വാരിയെ പി.സി.സി പ്രസിഡന്റാക്കിയതും കമല്‍നാഥിനെ പിണക്കിയിരുന്നു. ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്നു തന്റെ ചിന്ദ്വാര മണ്ഡലത്തില്‍ ഇക്കഴിഞ്ഞ തവണ ബി.ജെ.പിയെ 37,000 വോട്ടിനമാത്രമേ തോല്പിക്കാന് കഴിഞ്ഞു എന്നതും കമല്‍നാഥിന് വേവലാതി ഉണ്ടാക്കിയിരുന്നു.