ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് തട്ടലും മുട്ടലും ഉണ്ടാകും: കെ മുരളീധരന്‍

1 min read

കോഴിക്കോട്: ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് കോണ്‍ഗ്രസില്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരന്‍ എംപി. ഇവിടെ ആരും ചട്ടക്കൂടിന് പുറത്ത് പോകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഒരു ചട്ടക്കൂട് വരച്ചാല്‍ ആരും അതില്‍ നിന്ന് പുറത്ത് പോകില്ല. ജനാധിപത്യ സംവിധാനങ്ങളെ സിപിഎം ഇത് പോലെ ഭരിക്കുന്ന കാലം ഉണ്ടായിട്ടില്ലെന്നും എല്ലാം പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാമെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്നെ പാര്‍ലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യര്‍ത്ഥനയെന്നും എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാല്‍ ഇവര്‍ ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന് ജനം വിചാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ എംപി. എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രമേശ് ചെന്നിത്തല, എം കെ രാഘവന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ശശി തരൂരിന്റെ പര്യടന വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് മുന്‍നിര നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. അതേസമയം, വെല്ലുവിളികളിലൂടെ പാര്‍ട്ടി കടന്ന് പോകുകയാണെന്നും ബിജെപി ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ കോണ്‍ഗ്രസ് ഒന്നിച്ച് നിന്ന് പോരാടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ രാജ്യത്തെ ഒന്നിക്കാന്‍ ശ്രമിക്കുകയാണെന്നും അവസാനത്തെ ജയം കോണ്‍ഗ്രസനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആനാവൂര്‍ നാഗപ്പന്മാര്‍ വിചാരിക്കുന്നവര്‍ക്കേ ജോലി കിട്ടുന്നുള്ളൂ. ഇതാണ് തുടര്‍ ഭരണത്തിന്റെ സംഭാവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തു. മദ്യ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് മദ്യവിലക്ക് കൂട്ടുന്നതെന്നും പറഞ്ഞ ചെന്നിത്തല, കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് വേണം ഇതിനെല്ലാം എതിരായി പോരടാന്‍ എന്നും കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.