എംവി ഗോവിന്ദന്‍ മാഷിന്റെ പരാമര്‍ശം ഗൗരവമുള്ളത്, മറുപടി പറയേണ്ടത് ലീഗ്: കെ മുരളീധരന്‍

1 min read

മുസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്ന് ആറ് മാസം മുന്‍പ് വരെ സിപിഎം പറഞ്ഞിരുന്നുവെന്ന് വടകര എംപി കെ മുരളീധരന്‍. നിലപാട് മാറ്റിയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന നിലയിലേക്ക് സിപിഎമ്മും വളരെ വൈകിയെത്തി. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയില്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ മുസ്ലിം ലീഗ് മുന്നണി വിട്ടാല്‍ അത് വലിയ നഷ്ടമാകും. മുന്നണി സംവിധാനം ദുര്‍ബലമാകും. കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഎം മുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഗോവിന്ദന്‍ മാഷിന്റെ പരാമര്‍ശം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മുസ്ലിം ലീഗാണ് സിപിഎമ്മിന് മറുപടി നല്‍കേണ്ടതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഒരുമിച്ച് നിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞാല്‍ യുഡിഎഫിന് കേരളത്തില്‍ അധികാരത്തിലെത്താന്‍ പറ്റും. അതിന്റെ സൂചനകള്‍ എല്ലാ ഭാഗത്തുമുണ്ട്. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ആശയപരമായ സംഘര്‍ഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ട്. രാജ്യസഭയില്‍ ഏക സിവില്‍ കോഡ് ചര്‍ച്ചയില്‍ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. ആമുഖ ഘട്ടത്തില്‍ തന്നെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അതിനെ വിമര്‍ശിച്ചു. സാധാരണ ഇത്തരം ബില്ലുകള്‍ വോട്ടെടുപ്പിലേക്ക് പോകാറില്ല. എന്നാല്‍ വിഷയത്തിന്റെ പ്രാധാന്യം കാരണമാണ് അത് വോട്ടെടുപ്പിലേക്ക് പോയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ബില്ലിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു.

വഹാബിന്റെ ഭാഗത്ത് നിന്ന് അങ്ങിനെയൊരു പരാമര്‍ശം വരാനുണ്ടായ സാഹചര്യം തനിക്കറിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. മറ്റൊരു കാര്യം ഗവര്‍ണര്‍മാരുടെ ഊരുചുറ്റല്‍ സ്ഥിരം പരിപാടിയാണ്. കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവര്‍ണര്‍ കേരളത്തില്‍ തന്നെയാണ്. എന്താണ് ഗവര്‍ണര്‍മാരുടെ ജോലി? ഇത് മുന്‍കാലങ്ങളിലില്ലാത്ത ചീത്ത കീഴ്‌വഴക്കമാണ്. ഇത് അനാവശ്യമാണ്. കേരള ഗവര്‍ണര്‍ മര്യാദയ്ക്ക് മറുപടി പറയാറില്ല. അദ്ദേഹം ക്ഷോഭിച്ച് സംസാരിക്കുന്ന രീതിക്കാരനാണ്. കേരള ഗവര്‍ണര്‍ കേരളത്തിനകത്ത് യാത്ര ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.