മുഖ്യമന്ത്രി നടത്തിയത് വാചകക്കസര്‍ത്തും തള്ളും മാത്രമെന്ന് കെ മുരളീധരന്‍
1 min readതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കുറ്റിയടിച്ച ഭൂമിയില്‍ ആളുകള്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ മുരളീധരന്‍, എന്തിനാണ് 56 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതെന്നും ചോദിച്ചു. മുഖ്യമന്ത്രി നടത്തിയത് വാചകക്കസര്‍ത്തും തള്ളും മാത്രമാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു.
മലബാറില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും കെ റെയിലിന്റെ കല്ലിടാന്‍ സര്‍ക്കാരിന് ആയില്ല. മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. വിഴിഞ്ഞത്ത് സര്‍ക്കാരും അദാനിയും വാക്ക് പാലിച്ചില്ലെന്നും അതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്താണ് വകുപ്പിന്റെ ചുമതലയെന്ന് അഹമ്മദ് ദേവര്‍ കോവിലിന് അറിയില്ല. വേണ്ടത്ര വിവരങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിയ്ക്ക് നല്‍കിയില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍, മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ചര്‍ച്ചയ്ക്ക് നേരിട്ട് വിളിക്കാത്തതെന്നും ചോദിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരം സമുദായ സമരമാക്കി പിണറായി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ വിഭജന തന്ത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വിമര്‍ശിച്ച കെ മുരളീധരന്‍, സ്റ്റേഷന്‍ ആക്രമിച്ചതിനെ പിന്തുണക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ അതിലേക്ക് നയിച്ചത് സര്‍ക്കാറാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കരുതെന്ന് പറഞ്ഞ കെ മുരളീധരന്‍, പദ്ധതി ഉപേക്ഷിക്കണമെന്ന് പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആശങ്കകള്‍ പരിഹരിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.