പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജി
1 min readസംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു. കേരളത്തിലെ സംവരണ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കില്ലെന്ന് കാട്ടി മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ പഠനം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ സമയം അനുവദിച്ചിരുന്നു, എന്നാല്‍, ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള ജാതി സെന്‍സസ് നടത്താന്‍ ഇതുവരെയും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ജസ്റ്റിസ് ഋഷികേശ് റോയ് ഈ വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം.
സംവരണ പട്ടിക കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണമെന്നും പിന്നാക്കാവസ്ഥ മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഇന്ദിര സാഹ്നി കേസില്‍ സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു, എന്നാല്‍, ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള പഠനം നടത്തി പട്ടിക പുതുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടുകയായിരുന്നു.