കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച വഹാബിനെ തള്ളി മുസ്ലിം ലീഗ്
1 min readമലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ സംസാരിച്ച എംപി പിവി അബ്ദുള്‍ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഈ കാര്യം പറയുന്നത്. എംപി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പുകഴ്ത്തിയാണ് മുസ്ലിംലീഗ് അംഗം പി വി അബ്ദുള്‍ വഹാബ് സംസാരിച്ചത്. നൈപുണ്യ വികസനത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികള്‍ നല്ലതാണെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. എന്നാല്‍ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതല്‍ പണം നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു.
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍ ദില്ലിയില്‍ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പ്രസ്താവന. എന്നാല്‍ വി മുരളീധരന്‍ കേരളത്തില്‍ എത്തുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമര്‍ശവും വഹാബ് നടത്തി. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് വി മുരളീധരന്റെ ശ്രമമെന്നായിരുന്നു ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞത്.