ഈ മനോഹര തീരത്തുനിന്ന് പിടി തോമസ്സ് വിടവാങ്ങിയിട്ടിന്ന് ഒരാണ്ട്.

1 min read

കേരള രാഷ്ട്രീയത്തില്‍ കരുത്തുറ നിലപാടുകളിലൂടെ നിറഞ്ഞ് നിന്ന് പി ടി തോമസ് ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം. ജീവിച്ചിരുന്ന കാലത്തേക്കാള്‍ പി ടി യെടുത്ത നിലപാടുകള്‍ മരണശേഷം ഏറെ ചര്‍ച്ചയായി. രണ്ടാം വട്ടവും പ്രതിപക്ഷത്തിരിക്കേണ്ടി വരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും പി ടി യുടെ അസാന്നിധ്യമുണ്ടാക്കുന്നത് കനത്ത നഷ്ടമാണ്.

കഴിഞ്ഞ വര്‍ഷം ഇന്നേ ദിവസം വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ നിന്ന് എത്തിയ വാര്‍ത്ത രാഷ്ട്രീയ കേരളത്തെയാണ് നൊമ്പരപ്പെടുത്തിയത്. അഞ്ച് പതിറ്റാണ്ട് കാലം വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പി ടി യെടുത്ത നിലപാടുകള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല ജനാധിപത്യ വിശ്വാസികള്‍ ഒന്നാകെ ഹൃദയാഭിവാദനം നല്‍കി.പൂക്കളിറുത്ത് തന്റെ മൃതശരീരം അലങ്കരിക്കേണ്ടതില്ല. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരമെന്ന വയലാര്‍ ദേവരാജന്‍ സംഗീതം അവസാനയാത്രയില്‍ തന്റെ അകമ്പടിയാകണം. സുഹൃത്തുത്തുമായി പറഞ്ഞുറപ്പിച്ച അന്ത്യാഭിലാഷവും പിടിയെന്ന മതേതര രാഷ്ട്രീയജീവിയുടെ നിലപാട് പറയലായി.

പി ടി ജീവിച്ചിരിക്കുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ചൊല്ലി ശവമഞ്ച ഘോഷയാത്ര നടത്തിയ കത്തോലിക്ക സഭയുടെ ചെയ്തികളെയും വര്‍ഷങ്ങള്‍ക്കിപ്പുറം സമൂഹം ഓര്‍ത്തെടുത്തു. പാര്‍ട്ടിയിലെ ഉന്നത സ്ഥാനമോ,സംസ്ഥാന മന്ത്രിയോ ഒന്നുമല്ലാതിരുന്ന പി ടി തോമസ്സിനെ താഴെത്തട്ടിലെ ജനങ്ങള്‍ എത്രകണ്ട് നെഞ്ചേറ്റിയിരുന്നെന്ന കാഴ്ചകള്‍ പാര്‍ട്ടി നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരിക്കണം.നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി സ്ഥാനമേറ്റ പിടി,വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് നിയമസഭയില്‍ സര്‍ക്കാരിനെതിരെ നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന പിടി ശൈലി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളം കണ്ടതാണ്.വെല്ലുവിളി നിറഞ്ഞ കാലത്ത് കോണ്‍ഗ്രസ്സിലും നിയമസഭയിലെ പുതിയ പ്രതിപക്ഷ ബെഞ്ചിലും പി ടിക്ക് പകരക്കാരനില്ല.

രാഷ്ട്രീയജീവിതത്തിലെ പ്രതിസന്ധിയില്‍ പിടിക്കൊപ്പം നിന്ന തൃക്കാക്കര പി ടിയുടെ മരണശേഷം ഭാര്യ ഉമ തോമസ്സിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിച്ചു. എഴുപതാം വയസ്സില്‍ വിടവാങ്ങിയെങ്കിലും ഇടുക്കി ഉപ്പുതോടെന്ന മലയോരഗ്രാമത്തില്‍ നിന്നും പി ടി വെട്ടിയ പാത ഇന്നും ഓരോ രാഷ്ട്രീയപ്രവര്‍ത്തകന്റെയും ഊര്‍ജ്ജവഴിയാണ്.

Related posts:

Leave a Reply

Your email address will not be published.