കേരളത്തില്‍ പിണറായി വിജയന്റെയും വിഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ല: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കര്‍ശന നിര്‍ദേശത്തിന് ശേഷവും കെആര്‍ഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കമ്പനിക്ക് ഖനനാനുമതി നല്‍കാന്‍ പഴുതുകള്‍ തേടി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗവും ചേര്‍ന്നുവെന്നത് മാസപ്പടി അഴിമതിയില്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നതിന്റെ ഉദാഹരണമാണ്. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ കേന്ദ്രനിയമങ്ങള്‍ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായിട്ടും അന്വേഷണം നടത്താന്‍ സംസ്ഥാന ഏജന്‍സികള്‍ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം തിരുവനന്തപുരത്ത് ചോദിച്ചു. മാസപ്പടി കൊടുത്തത് വെറുതെയല്ലെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പേരിലുള്ള വലിയ അഴിമതികള്‍ സംസ്ഥാനത്ത് അന്വേഷിക്കുന്നില്ല. രണ്ട് പേരും എന്താ ദിവ്യന്‍മാരാണോ? സതീശന്‍ പിണറായി വിജയന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് മാത്യു കുഴല്‍നാടനും സുധാകരനും ഷാജിക്കും എതിരെ കേസെടുത്ത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പൊലീസ് സതീശനെ തൊടാത്തത്. പുനര്‍ജനി തട്ടിപ്പ് ലൈഫ്മിഷന്‍ പോലെ വലിയ അഴിമതിയാണ്. മാസപ്പടി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ ബിജെപി തയ്യാറാണ്. വിഡി സതീശന് അതിന് ധൈര്യമുണ്ടോ? പ്രതിപക്ഷ നേതാവാണെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു കത്തയക്കാന്‍ സതീശന്‍ തയ്യാറാവണം. തല പോയാലും സതീശന്‍ കത്തയക്കില്ല. തട്ടിപ്പ് പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശന്റെ പ്രതിപക്ഷ നേതാവ് പദവി വെറും സാങ്കേതികം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആരുടെയെങ്കിലും ആരോപണമല്ല മറിച്ച് ആദായ നികുതി വകുപ്പ് സബ്മിറ്റ് ചെയ്ത രേഖയാണ് മാസപ്പടി കേസ്. ഇത് അന്വേഷിക്കാതിരിക്കുന്നത് അത്ഭുതമാണ്. കേരളത്തില്‍ പൊതുപ്രവര്‍ത്തന അഴിമതി നിരോധന നിയമമില്ലേ എന്ന സംശയമാണ് ജനങ്ങള്‍ക്കുള്ളത്. കമ്പനികള്‍ തമ്മിലാണ് ഇടപാടെങ്കില്‍ വീണയുടെ അക്കൗണ്ടിലേക്ക് എന്തിന് പണം കൊടുത്തുവെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കണം. എംവി ഗോവിന്ദനും സിപിഎമ്മും ഒളിച്ചോടുകയാണ്. അഴിമതി, നിയമപരമല്ലാത്ത പണമിടപാട് എന്നിവയാണ് മുഖ്യമന്ത്രിക്കെതിരെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.