കൈതോലപ്പായയിലെ വലിയ കെട്ട് കരിമണല്‍ കര്‍ത്തയുടെത്

1 min read

 പിണറായി ഇനി മിണ്ടില്ല. ആര്‍ത്തട്ടഹസിച്ച് ജി.ശക്തിധരന്‍

ഇതുവരെ വലിയ വെട്ടിപ്പുകളെക്കുറിച്ച് പറഞ്ഞിട്ട് ആളുടെ പേര് പറയാതിരിക്കുകയായിരുന്നു ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. പേര് പറഞ്ഞിരുന്നില്ലെങ്കിലും തലയില്‍ ആള്‍താമസമുള്ളവര്‍ക്കെല്ലാം അത് പിണറായിയും കൊണ്ടുപോയത് പി.രാജീവുമാണെന്ന് മനസ്സിലാവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍  അത് വ്യക്തമായി തന്നെ ശക്തിധരന്‍ പറഞ്ഞിരിക്കുന്നു. അത് മാത്രമല്ല അന്നത്തെ ദേശാഭിമാനി ഓഫിസില്‍ ഈ രഹസ്യനാടകമൊക്കെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന കാര്യവും ഒരു വെല്ലുവിളി പോലെ ശക്തിധരന്‍ പറയുന്നു. അത് ശക്തിധരന് പോലും അറിയില്ലായിരുന്നു. എന്നാല്‍ ശക്തിധരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നപ്പോള്‍ അദ്ദേഹം പഴയ കഥകളെല്ലാം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. ഇനി സി.പി.എമ്മിന് കിടുങ്ങാന്‍ വേറെയെന്തുവേണം. ഇപ്പോള്‍ തന്നെ പാര്‍ട്ടിയുടെ ദൂതന്മാര്‍ ന്യൂസ് എഡിറ്ററെ കണ്ട് സ്വാധീനിച്ചിട്ടുണ്ടാകാം.

കൈതോലപ്പായ വിവാദത്തിന്റെ രണ്ടാം ഘട്ട വെളിപ്പെടുത്തലിലായിരുന്നു പിണറായിയുടെയും മന്ത്രി പി.രാജീവിന്റെയും പേര് പുറത്തുപറഞ്ഞത്. രാജീവ് ഉടനടി അത് നിഷേധിക്കുകയും ചെയ്തു. അതോടെയാണ്  ജി.ശക്തിധരന്‍ പി.രാജീവിന്റെ റോള്‍ കുറച്ചുകൂടി വ്യക്തമാക്കുകയും അദ്ദേഹത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത്.  പണം സംഭരിക്കുന്നതിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ബലാത്സംഗ കഥ പ്രചരിപ്പിക്കുന്നതിലും പ്രത്യേക വൈഭവമുള്ള ആളാണ് മന്ത്രി പി.രാജീവെന്ന് ശക്തിധരന്‍ പറയുന്നു.

തനിക്കെതിരെ ചാനലില്‍ വന്ന് വിമര്‍ശനങ്ങള്‍ നടത്തിയ കോട്ടയത്തെ സി.പി.എം നേതാവ് അനില്‍കുമാറിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതെന്ന മുന്നറിയിപ്പാണോ ഇതെന്നറിയില്ല.  കൈതോലപ്പായയുടെ കഥ പറഞ്ഞപ്പോള്‍ എന്തിനാണ് കോട്ടയത്ത് ടി.കെ.രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പണപ്പിരിവിന്റെ കഥ പറഞ്ഞതെന്നെന്നും മനസ്സിലാകുന്നില്ല. നിന്നെയും അറിയാം, അതും മീശ കിളിര്‍ക്കുന്ന കാലത്ത് തന്നെ, പിന്നെ നിന്റെ അച്ഛന്‍ മേനോന്‍ സാറിനെയും അറിയാം എന്നൊക്കെ അനിലിനോട് ശക്തിധരന്‍ പറയുന്നുണ്ട്.  ടി.കെ. രാമകൃഷ്ണന്‍ എക്‌സൈസ് മന്ത്രിയായതു കാരണം അബ്കാരികളുടെ പണം കെട്ടുകളായി വന്നു എന്നതു മാത്രമല്ല. മറിച്ച് കിട്ടിയ പണം അവിടെ നിന്നാരെങ്കിലും അടിച്ചുമാറ്റും എന്ന അപ്പച്ചന്‍ ഭയം എന്നു പറയുന്നുണ്ട്. അത്   ആ പണം ആരോ അടിച്ചുമാറ്റും എന്ന് അപ്പച്ചന്‍ ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ്. എന്തിനാണ് അച്ഛനെയും മകനെയും ഇവിടെ പരാമര്‍ശിച്ചത് എന്നതിന് ശക്തിധരന്റെ അടുത്ത പോസ്റ്റ് വരെ കാത്തിരിക്കേണ്ടിവരും. ഏതായാലും ഇനി പിണറായിക്ക് മിണ്ടാന്‍ പറ്റില്ല. കാരണം വിളിച്ചു പറയുന്നത് പുറത്തുണ്ടായിരുന്ന ആളല്ല, ദീര്‍ഘകാലം അകത്തുണ്ടായിരിക്കുകയും  ഉള്ളുകള്ളികളൊക്കെ അറിയുകയും ചെയ്യുന്ന ആള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കണം എന്നാണ് വ്യവസ്ഥ. തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളും വരവ് ചെലവ് നല്‍കണം. ഇവരൊക്കെ പിരിച്ചതും ചെലവഴിച്ചതും  അതിന് കമ്മിഷന്‍ വച്ച പരിധിയുടെ പതിന്മടങ്ങു വരും.   അതായത് കള്ളപ്പണം.

തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും കണക്കില്‍ കൂടുതല്‍ പണം ചെലവഴിക്കും എന്ന്   എല്ലാവര്ക്കും അറിയാം. എന്നാല്‍ ആ കള്ളപ്പണത്തിന്റെ കണക്കൂകൂടി പുറത്തുവന്നാലോ.

ശക്തിധരന്റെ കയ്യില്‍ ഇനിയും ആയുധങ്ങള്‍ ബാക്കിയുണ്ട്. സി.പി.എമ്മിന് മിണ്ടാതിരിക്കുകയാണ് നല്ലത്. അല്ലെങ്കില്‍് ഏതെങ്കിലും ദുതനെ വിട്ട് എല്ലാം കോംപ്രമൈസ് ആക്കുക. അതിന് ശക്തിധരന്‍ തന്നെ വിചാരിക്കണം. എല്ലാ മുഖം മൂടികളും ഒരിക്കല്‍ അഴിഞ്ഞു വീഴുക തന്നെ ചെയ്യും.

Related posts:

Leave a Reply

Your email address will not be published.