സസ്പെന്‍ഷനിലുള്ള സബ് രജിസ്ട്രാറെ തിരിച്ചെടുത്തതില്‍ രജിസ്ട്രേഷന് ഐജിയോട് വിശദീകരണം തേടി
1 min readതിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന സബ് രജിസ്ട്രാറെ തിരിച്ചെടുത്ത സംഭവത്തില്‍ രജിസ്ട്രേഷന് ഐജി ഇമ്പശേഖറിനോട് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടി. കണക്കില്‍പെടാത്ത പണം കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്തതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട സബ് രജിസ്ട്രാര്‍ സന്തോഷ് കുമാറിനെ തിരിച്ചെടുത്ത സംഭവത്തിലാണ് വിശദീകരണം തേടിയത്. സന്തോഷ് കുമാറിനെ തിരിച്ചെടുക്കുക മാത്രമല്ല, കാട്ടാക്കട സബ് രജിസ്ട്രാര്‍ ഓഫീസില്‍ തന്നെ നിയമിക്കുകയും ചെയ്തതാണ് വിശദീകരണം തേടാന്‍ കാരണം. വിജിലന്‍സിന്റെ അനുമതിയില്ലാതെയാണ് രജിസ്ട്രേഷന് ഐജി സസ്പെന്ഷന് ഉത്തരവ് പിന്‍വലിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി വിഎന്‍ വാസവന് ഐജിയോട് വിശദീകരണം തേടിയത്.