ബീഹാര്‍ വിഷമദ്യ ദുരന്തത്തില്‍ പ്രതികരണവുമായി നിതീഷ് കുമാര്‍
1 min readമദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബീഹാറിലെ വിഷമദ്യ ദുരന്തത്തില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. മദ്യദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചതെന്ന് എന്‍ഡിടിവി വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ തവണ മദ്യം കഴിച്ച് ജനങ്ങള്‍ മരിച്ചപ്പോള്‍ ചിലര്‍ പറഞ്ഞു, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്. ഒരാള്‍ മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കും. ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. നിതീഷ് കുമാര്‍ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ഗുജറാത്തിലും വിഷമദ്യ ദുരന്തം സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. പക്ഷേ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാവശ്യമാണ്. നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കും. കൂടാതെ നിങ്ങള്‍ ഒരു തരത്തിലും മദ്യം കഴിക്കരുത്. ധാരാളം ആളുകള്‍ മദ്യനിരോധനത്തോട് സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ചില ആളുകള്‍ക്ക് തെറ്റ് സംഭവിച്ചു. നിതീഷ് കുമാര്‍ വ്യക്തമാക്കി. വിഷമദ്യ ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.