വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; ഡോക്ടര്‍ ദമ്പതികളുടെ മരണം നാടിനും വീട്ടുകാര്‍ക്കും തീരാനഷ്ടം

1 min read

ഹൈദരാബാദ്: ഹൈദരാബാദില്‍ കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച് മരിച്ച ഡോക്ടര്‍ ദമ്പതികള്‍ വിവാഹിതരായത് ഒരുമാസം മുമ്പ്. മധുവിധു നാളുകള്‍ അവസാനിക്കും മുമ്പാണ് ഇരുവരും വൈദ്യുതാഘാതമേറ്റ് മരിച്ചത്. സയ്യിദ് നിസാറുദ്ദീന്‍ എന്ന യുവാവും ഭാര്യ ഉമ്മി മൊഹിമീന്‍ സൈമ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കാണുന്നത്. ഡോക്ടറാണ് 26 കാരനായ സയ്യിദ് നിസാറുദ്ദീന്‍. അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ ഉമ്മി മൊഹിമീന്‍ സൈമ.

പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ലംഗര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖാദര്‍ ബാഗ് ഏരിയയിലാണ് സംഭവം. കുളിമുറിയിലെ ഗീസര്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിലെ നി?ഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സൂര്യപേട്ടില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് ഇരുവരും ഹൈദരാബാദിലെ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

വൈകുന്നേരം വരെ ആരും അറിഞ്ഞില്ല. ഭാര്യയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവും അപകടത്തില്‍പ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സയ്യിദ് സൂര്യപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. രാവിലെ ഉമ്മിയുടെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ അടുത്ത ദിവസം തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞ് വിളിച്ചപ്പോള്‍ രണ്ടുപേരും ഫോണെടുത്തില്ല. വൈകീട്ടും ഫോണെടുക്കാതായതോടെ വീട്ടുകാര്‍ എത്തി അന്വേഷിക്കുകയായിരുന്നു. വൈദ്യുതി ബന്ധം ഓഫാക്കിയാണ് പൊലീസും വീട്ടുകാരും അകത്തേക്ക് പ്രവേശിച്ചത്.

Related posts:

Leave a Reply

Your email address will not be published.