ഹര്‍ഷാദിനെ കൊലപ്പെടുത്തിയത് പട്ടിക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിനും കൂട് അടക്കാന്‍ മറന്നതിനുമെന്ന് ഹക്കീം

1 min read

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് ഹര്‍ഷാദ് എന്ന 21 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹക്കീമുമായി ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം അമിതമായി മദ്യപിച്ചിരുന്നതായി പ്രതി മൊഴി നല്‍കി. ഹര്‍ഷാദ് പട്ടിയ്ക്ക് സമയത്ത് തീറ്റ കൊടുക്കാത്തതിനാണ് ഹര്‍ഷാദിനെ ആദ്യം മര്‍ദ്ദിച്ചത്. കൂട് അടക്കാത്തതിനാല്‍ പട്ടി പുറത്ത് ഇറങ്ങിയതോടെ ഹര്‍ഷാദിനെ കൂടുതല്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഹക്കീം പറഞ്ഞു.

ബോധമില്ലാതായ ഹര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഹര്‍ഷാദിനെ ആശുപത്രിയില്‍ കൊണ്ടുപോകാനാണ് തന്റെ രണ്ട് സുഹൃത്തുക്കളെ കൂടെ കൂട്ടിയതെന്നും ഹക്കീം വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോള്‍ ഇതേ വീട്ടിലുണ്ടായിരുന്ന ഹക്കീമിന്റെ മറ്റൊരു സുഹൃത്ത് ലഹരിയുടെ സ്വാധീനത്തില്‍ മയക്കത്തിലായിരുന്നു.

നായയുടെ കഴുത്തിലെ ബെല്‍റ്റ് കൊണ്ടും മരക്കഷണം ഉപയോഗിച്ചുമാണ് ഹര്‍ഷാദിനെ അമ്മാവന്റെ മകനായ ഹക്കീം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് വാരിയെല്ലുകള്‍ തകര്‍ന്ന ഹര്‍ഷാദ്, ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.

ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ച സമയത്ത് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് പറഞ്ഞിരുന്നത്. പരിക്ക് കെട്ടിടത്തില്‍ വീണ് ഉണ്ടായതല്ലെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഉച്ചയോടെ ഹക്കീം മരിച്ചു. എന്നാല്‍ ഒപ്പം വന്ന സുഹൃത്തുക്കളെ ആശുപത്രിയിലാക്കി ഹക്കീം സ്ഥലത്ത് നിന്ന് മുങ്ങി. ബന്ധുക്കള്‍ക്ക് ഹക്കീമിനെയായിരുന്നു സംശയം. പിന്നാലെ പൊലീസ് ഹക്കീമിനെ തിരഞ്ഞു. വൈകീട്ടോടെ ഇയാള്‍ പിടിയിലായി. ചോദ്യം ചെയ്യലില്‍ ഹക്കീം കുറ്റം സമ്മതിച്ചു.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ ഹര്‍ഷാദിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ 160 ലേറെ പാടുകള്‍ കണ്ടെത്തിയിരുന്നു. അതിക്രൂരമായ മര്‍ദ്ദനമാണ് ഏറ്റതെന്ന് ഇതില്‍ നിന്ന് വ്യക്തമായി. സ്വകാര്യ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കുന്ന ജോലിക്കാരായിരുന്നു ഹര്‍ഷാദും ഹക്കീമും. നേരത്തെ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഹര്‍ഷാദിനെ ഹക്കീം നിര്‍ബന്ധിച്ച് പുതിയ തൊഴിലിലേക്ക് കൊണ്ടുവരികയും കൂടെ താമസിപ്പിക്കുകയുമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.