ആശുപത്രിയില്‍ പ്രേതം, വ്യാപകമായി പ്രചരിച്ച് വീഡിയോ
1 min readഅര്‍ജന്റീനയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡ് സംസാരിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍, അവിടെ ആരും ഉണ്ടായിരുന്നുമില്ല. സംഭവം നടക്കുന്നതിന്റെ തലേദിവസം അതേ ആശുപത്രിയില്‍ ഒരു രോഗി മരിച്ചിരുന്നു. ആ രോഗിയാണ് അദൃശ്യനായി എത്തി സെക്യൂരിറ്റിയോട് സംസാരിക്കുന്നത് എന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
റെഡ്ഡിറ്റില്‍ ആണ് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. അര്‍ജന്റീനയിലെ ആശുപത്രിയില്‍ പ്രേതം എന്ന രീതിയിലാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
ആശുപത്രിയുടെ ഓട്ടോമാറ്റിക് ഡോര്‍ താനെ തുറക്കുന്നതും അല്പസമയത്തിനുശേഷം താനെ അടയുന്നതും കാണാം. അപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് എത്തുകയും അയാള്‍ ആരോടോ തനിയെ നിന്ന് സംസാരിക്കുകയും ചെയ്യുന്നു. ശേഷം അയാള്‍ താന്‍ സംസാരിച്ച വ്യക്തിയുടെ പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്നു. അതിനുശേഷം ഡോക്ടറുടെ മുറി കാണിച്ചു കൊടുക്കുന്നു. ശേഷം അയാള്‍ തിരികെ പോകുന്നു. താന്‍ ഒരു രോഗിയോട് സംസാരിച്ചു എന്ന് സെക്യൂരിറ്റി ?ഗാര്‍ഡ് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരാള്‍ ക്യാമറയില്‍ പതിഞ്ഞിട്ടില്ല എന്നതാണ് വീഡിയോ കണ്ട എല്ലാവരെയും ഭയപ്പെടുത്തുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇത് വാര്‍ത്തയായെങ്കിലും സെക്യൂരിറ്റി ഗാര്‍ഡ് ആരോടാണ് സംസാരിച്ചത് എന്നത് സ്ഥിരീകരിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു വിഭാഗം ആളുകള്‍ വീഡിയോ ഭയപ്പെടുത്തുന്നതായി പ്രതികരിച്ചെങ്കിലും മറ്റൊരു വിഭാഗം ആളുകള്‍ സെക്യൂരിറ്റി ഗാര്‍ഡ് ആളുകളെ പറ്റിക്കാന്‍ ചെയ്ത പരിപാടിയാണ് എന്ന രീതിയിലാണ് വീഡിയോയോട് പ്രതികരിച്ചത്. ബ്യൂണസ് അയേഴ്സിലെ സ്വകാര്യ പരിചരണ കേന്ദ്രമായ ഫിനോചിയെറ്റോ സാനറ്റോറിയത്തിലാണ് ഈ സംഭവം നടന്നത്.
എന്നാല്‍, ദൃശ്യങ്ങള്‍ വ്യാപകമായി ചര്‍ച്ചാവിഷയം ആയതോടെ ആശുപത്രിയുടെ വാതില്‍ തകരാറിലാണെന്നും ഒന്നിലധികം തവണ തുറക്കുന്നുണ്ടെന്നും കെയര്‍ സെന്റര്‍ വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തകരാറിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച അതിരാവിലെക്കും ഇടയിലുള്ള 10 മണിക്കൂറിനുള്ളില്‍ ഇത് 28 തവണ സ്വയം തുറക്കുകയും അടയുകയും ചെയ്തതായി ഡെയ്ലി സ്റ്റാര്‍ കെയര്‍ സെന്റര്‍ വക്താവിനെ ഉദ്ധരിച്ച് പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡ് ക്ലിപ്പ്ബോര്‍ഡ് പേപ്പറില്‍ എന്തോ എഴുതുന്നതായി വീഡിയോയില്‍ കാണുന്നുണ്ടെന്നും എന്നാല്‍ രജിസ്റ്ററില്‍ പേരൊന്നും പരാമര്‍ശിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.