അന്ധ ദമ്പതികളുടെ കാത്തിരിപ്പിന് അഞ്ചാണ്ട്, അതിദാരിദ്ര്യ പട്ടികയിലുള്ളവര്‍ക്ക് ലൈഫില്‍ വീടില്ല

1 min read

എറണാകുളം: ലൈഫ് പദ്ധതിയില്‍ ഒരു വീടിനായി അഞ്ച് വര്‍ഷമായി കാത്തിരിപ്പിലാണ് കാലടിയിലെ കാഴ്ചാ പരിമിതിയുള്ള ദമ്പതികളായ രാജനും, രമയും. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഭൂരഹിതരായ ദമ്പതികള്‍ക്ക് 2018ല്‍ കാലടി പഞ്ചായത്ത് തൊട്ടടുത്ത കൂവപ്പടി പഞ്ചായത്തില്‍ ഭൂമി വാങ്ങി നല്‍കിയെങ്കിലും, വീട് കെട്ടാന്‍ പണം അനുവദിക്കാതെ രണ്ട് പഞ്ചായത്തുകളും കൈയ്യൊഴിഞ്ഞു.പുറമ്പോക്കില്‍ ഷെഡ് കെട്ടി കഴിയുന്ന, സര്‍ക്കാറിന്റെ അതീവ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ ഗതികേട്.

2017ലെ ലൈഫ് പദ്ധതി ഗുണഭോക്താവായ രാജന് 2018ല്‍ തന്നെ അഞ്ച് സെന്റ് സ്ഥലം കിട്ടി. കൂവ്വപ്പടി പഞ്ചായത്തിലാണ് ഇരുവര്‍ക്കും സ്ഥലം അനുവദിച്ചത്. എന്നാല്‍ അത് കഴിഞ്ഞ് മൂന്ന് വ!ര്‍ഷമാകുന്നു.കൂവപ്പടി പഞ്ചായത്ത് അധികൃതരോട് ചോദിക്കുമ്പോള്‍, ഭൂമി വാങ്ങി നല്‍കിയ കാലടിയില്‍ നിന്ന് ഫണ്ട് തരുമെന്നാണ് പറയുന്നത്. ഇവിടെ ചോദിക്കുമ്പോള്‍ അത് അവിടെ പാസാകണമെന്നും മറുപടി.

മഴ പെയ്താല്‍ ചോരുന്ന കൂരയിലാണ് താമസം. പാത്രം വച്ചും, സാധനങ്ങള്‍ മാറ്റിയും ദ്രവിച്ച ഷീറ്റിനടിയിലാണ് ദുരിത ജീവിതം. അതി ദാരിദ്ര്യ പട്ടികയിലുള്ള രാജനും കുടുംബവും മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവരായിട്ടും രക്ഷയില്ല. അഞ്ച് വ!ര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിക്കുന്നില്ല. ജീവിതം എന്ന് പേരിട്ട പദ്ധതി രാജന്റെയും രമയുടെയും കാര്യത്തില്‍ ഇതുവരെ ജീവന്‍ വച്ചില്ലെന്ന് ചുരുക്കം.

ലോട്ടറി വില്‍പ്പനക്കാരനായ രാജന്റെ ചെറു വരുമാനത്തിലാണ് കുടുംബത്തിന്റെ ജീവിതം. കാണുന്നവരോടെല്ലാം തന്റെ ദുരിതം രാജന്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ കേള്‍ക്കേണ്ടവ!ര്‍ ആരും അത് ഇതുവരെ കേട്ടില്ല. ഭാഗ്യം വില്‍ക്കുമ്പോള്‍, ബാക്കി വരുന്നവയിലെങ്കിലും ഭാഗ്യം തുണച്ചെങ്കിലെന്ന് നെടുവീര്‍പ്പിട്ട് പറയും രാജന്‍. അങ്ങനെയെങ്കിലും ആരെയും നോക്കാതെ കിടക്കാനൊരിടം ഉണ്ടാക്കാമല്ലോ എന്നും.

Related posts:

Leave a Reply

Your email address will not be published.