പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ. അച്യുതന്‍ അന്തരിച്ചു
1 min readകോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍സംസ്ഥാന പ്രസിഡന്റുമായ ഡോ. എ അച്യുതന്‍ (89) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്കായിരുന്നു അന്ത്യം. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള അവിട്ടത്തൂരില്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന ഇക്കണ്ടവാര്യരുടെയും മാധവി വാരസ്യാരുടെയും മകനായി 1933 ഏപ്രില്‍ ഒന്നിനാണ് ജനനം.
പരിസ്ഥിതിവിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു ഡോ. അച്യുതന്റേത്. പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മിഷനിലും എന്‍ഡോസള്‍ഫാന്‍ അന്വേഷണ കമ്മിഷന്‍ തുടങ്ങിയവയില്‍ അംഗമായിരുന്നു. സൈലന്റ് വാലി സംരക്ഷണവിഷയത്തിലും സജീവമായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ 1974ല്‍ കേരള പരിസ്ഥിതി സംരക്ഷണസമിതി രൂപവത്കരിച്ചതിന്റെ മുന്നണിയിലും അച്യുതനുണ്ടായിരുന്നു.
പ്രശസ്തമായ വിസ്‌കോണ്‍സ് സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദവും മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ഡോക്ടറേറ്റും നേടിയ അച്യുതന്‍ തൃശ്ശൂര്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജുകളിലും കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലും അധ്യാപകനായിരുന്നു. പൊതുമരാമത്ത് വകുപ്പിലെ പബ്ലിക് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡീന്‍, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, യു.ജി.സി., കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് എന്നിവയുടെ വിദഗ്ധ സമിതികളിലും വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫാക്കല്‍റ്റി, അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അച്യുതന്‍ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറിയായും കോഴിക്കോട് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനുകാലികങ്ങളായ ശാസ്ത്രഗതി, ഒരേ ഒരു ഭൂമി എന്നിവയുടെ പത്രാധിപരായിരുന്നു.
കേരള സാഹിത്യ അക്കാദമിയുടെ 2014ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ച പരിസ്ഥിതിപഠനത്തിന് ഒരാമുഖം ഉള്‍പ്പെടെ
പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം നിങ്ങള്‍ക്കൊരു വീട് എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്.
ഭാര്യ: സുലോചന. മക്കള്‍: ഡോ. അരുണ്‍ (കാനഡയില്‍ വി.എല്‍.എസ്.ഐ. ഡിസൈന്‍ എന്‍ജിനീയര്‍), ഡോ. അനുപമ എ. മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ പാത്തോളജി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍). സഹോദരങ്ങള്‍: സത്യഭാമ (തൃശൂര്‍), ഡോ. എ. ഉണ്ണികൃഷ്ണന്‍
( നാഷണല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടര്‍).