ശ്രീനിജന്‍ എംഎല്‍എയുടെ ജാതി അധിക്ഷേപ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് തീരുമാനിക്കും

1 min read

കിഴക്കമ്പലം: ട്വന്റി ട്വന്റി നേതാക്കള്‍ക്കെതിരായ ജാതി അധിക്ഷേപ കേസില്‍ അന്വേഷണ ഉദ്യോസ്ഥനെ ഇന്ന് തീരുമാനിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കും. പരാതിക്കാരനായ പി.വി ശ്രീനിജന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസ് അന്വേഷണം ആരംഭിക്കുക.

കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ ജാതിഅധിക്ഷേപ പരാതിയിലാണ് കിഴക്കമ്പലം ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമെടുത്ത കേസില്‍ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായ തന്നെ വേദിയില്‍ വെച്ച് പരസ്യമായി അപമാനിച്ച ട്വന്റി 20 നേതൃത്വം വിവേചനം കാണിക്കുന്നുവെന്നാണ് എംഎല്‍എയുടെ പരാതി.

ഓഗസ്റ്റ് 17 ന് ഐക്കരനാട് കൃഷിഭവനില്‍ നടന്ന ഈ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. കര്‍ഷകദിനത്തില്‍ കൃഷിവകുപ്പ് നടത്തിയ പരിപാടിക്ക് ഉദ്ഘാടകനായ എംഎല്‍എ വേദിയിലേക്ക് കയറുന്നതിനിടെ പ്രതിഷേധം അറിയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ ഉള്ളവര്‍ വേദി വിട്ടു. പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടന്ന സംഭവം ജാതി വിവേചനമാണെന്നും സദസിലിരുന്നും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ അവഹേളനം തുടര്‍ന്നെന്നുമാണ് എംഎല്‍എ യുടെ പരാതി. സാബു എം ജേക്കബ് തന്നെ വിലക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെന്നും ശ്രീനിജന്റെ പരാതിയില്‍ പറയുന്നു. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്ന് മെമ്പര്‍മാരും ആണ് പുത്തന്‍കുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികള്‍.

സംഭവം നടന്നതിന് പിന്നാലെ എംഎല്‍എ പരാതി നല്‍കിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലില്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ഡിഎഫ് എംഎല്‍എ പി വി ശ്രീനിജനും 20 ട്വന്റിയും തമ്മിലുള്ള തുറന്ന പോരില്‍ ആദ്യമായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

Related posts:

Leave a Reply

Your email address will not be published.