അനധികൃതമായി രക്തശേഖരണമെന്ന് പരാതി; ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി

1 min read

കോഴിക്കോട്: ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റ് ഹോസ്പിറ്റലില്‍ അനധികൃതമായി രക്തം ശേഖരിച്ച് രോഗികള്‍ക്ക് നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ആശുപത്രിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ രക്തം ശേഖരിക്കുന്നതിന് വേണ്ടി സ്ഥാപനത്തില്‍ സൂക്ഷിച്ച ബ്ലഡ് ബാഗുകളും സ്ഥിരമായി അനധികൃത രക്തശേഖരണവും ഉപയോഗവും നടത്തുന്നതുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത രേഖകളും, ബ്ലഡ് ബാഗുകളും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് മുമ്പാകെ സമര്‍പ്പിച്ചു.

രക്തശേഖരണവും രക്തഘടകങ്ങളുടെ വേര്‍തിരിക്കലും നടത്തേണ്ടത് അംഗീകാരമുള്ള രക്തബാങ്കുകളില്‍ മാത്രമാണെന്ന് നിയമം അനുശാസിക്കുന്നു. ഇപ്രകാരമുള്ള രക്തബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് കേന്ദ്ര സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംയുക്ത പരിശോധന നടത്തി, ആവശ്യമായ സജ്ജീകരണങ്ങളുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ്. ഇത്തരത്തില്‍ ലൈസന്‍സ് അനുവദിച്ച സ്ഥാപനങ്ങളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എല്ലാ വര്‍ഷങ്ങളിലും പരിശോധനകള്‍ നടത്തി ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

രക്ത ബാങ്കുകളിലൂടെ അല്ലാതെ രക്തം ശേഖരിച്ച് രോഗികള്‍ക്ക് നല്‍കുന്നത് മൂലം വിവിധ രോഗങ്ങളുടെ പകര്‍ച്ചവ്യാതിക്ക് കാരണമാകാനുള്ള സാധ്യത ഏറെയാണ്. ആവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലാതെയും പരിശോധനകള്‍ നടത്താതെയും രക്തം ശേഖിക്കുന്നതും നല്‍കുന്നതും മൂലം രോഗികളില്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ റിയാക്ഷന്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു. ഇത് രോഗികളുടെ മരണത്തിന് തന്നെ കാരണമാകുന്നതാണ്. ഇതിനാല്‍ സ്ഥാപനത്തിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കേസ് ഫയല്‍ ചെയ്യുന്നതാണെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി.എം.വര്‍ഗ്ഗീസ് അറിയിച്ചു. റീജ്യണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറായ ബെന്നി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിനു.വി.കെ, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ നൗഫല്‍ സി.വി, നീതു.കെ, ശാന്തികൃഷ്ണ.യു തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.