മൂന്നാറില്‍ നിന്ന് ആരെയും കുടിയിറക്കാന്‍ അനുവദിക്കില്ല
1 min read
ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസില്‍ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. മൂന്നാറില്‍ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാന്‍ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജല്‍പ്പനങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വര്‍ഗീസ് വ്യക്തമാക്കി.
ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയാണ് മുന്‍ എംഎല്‍എ കൂടിയായ എസ് രാജേന്ദ്രനോട് വീടും സ്ഥലവും ഒരാഴ്ചക്കുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തത്കാലം ഒഴിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ നടപടി ഉണ്ടാകില്ലെന്നും ദേവികുളം തഹസില്‍ദാര്‍ വ്യക്തമാക്കി. വിഷയത്തില്‍ കോടതിയെ സമീപിച്ചെന്ന് വ്യക്തമാക്കിയ എസ് രാജേന്ദ്രന്‍ വീട് ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. പത്ത് സെന്റില്‍ താഴെ ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമായാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി വിഷയത്തില്‍ നിലപാട് അറിയിച്ചത്.
രാജേന്ദ്രന്റെ അയല്‍ക്കാരടക്കം ഈ പ്രദേശത്തുള്ള 30 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.എന്നാല്‍ തനിക്ക് മാത്രമാണ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. തന്റേത് മാത്രം സര്‍ക്കാര്‍ പുറമ്പോക്കെന്നും മറ്റുള്ളവരുടേതെല്ലാം കെഎസ്ഇബി ഭൂമിയാണെന്നുമാണ് നോട്ടീസില്‍ രേഖപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജേന്ദ്രന്‍ താമസിക്കുന്ന മൂന്നാര്‍ ഇക്കാ നഗറിലെ 7 സെന്റ് ഭൂമിയില്‍ നിന്ന് ഒഴിയണമെന്നാണ് സബ് കളക്ടറുടെ നോട്ടീസ്. ഇത് പുറമ്പോക്കായതിനാല്‍ ഏഴ് ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. ഒഴിഞ്ഞു പോയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും എന്ന മുന്നറിയിപ്പും നോട്ടീസില്‍ ഉണ്ട്. ഇതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കഷ്ണ ശര്‍മ്മ ഇടുക്കി എസ്പിക്കും കത്ത് നല്‍കിയിട്ടുണ്ട്.