കുതിരാന്‍ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടില്‍ വിള്ളല്‍ പരിശോധനയില്‍ നിര്‍മാണത്തിലെ അപാകത സമ്മതിച്ച് ദേശീയ പാത അധികൃതര്‍

1 min read

തൃശ്ശൂര്‍: കുതിരാന്‍ പാതയിലെ കല്‍ക്കെട്ട് നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് സമ്മതിച്ച് ദേശീയ പാത അധികൃതര്‍. കല്‍ക്കെട്ടിന് മതിയായ ചരിവില്ലെന്ന് എന്‍എച്ച് പ്രൊജക്ട് ഡയറക്ടര്‍ ബിപിന്‍ മധു നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നാട്ടുകാരുടെ ആവശ്യപ്രകാരം ഒഴിച്ചിട്ട സര്‍വീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ഇപ്പോഴത്തെ ആലോചന.

കല്‍ക്കെട്ടിളകിയ വഴുക്കുംപാറ മേല്‍പ്പാലത്തില്‍ പരിശോധനയ്‌ക്കെത്തിയ പ്രൊജക്ട് മാനെജരാണ് നിര്‍മാണത്തിലെ വീഴ്ചകള്‍ സമ്മതിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പുറത്തേക്ക് തള്ളിയ കല്‍ക്കെട്ട് ഇളക്കി പരിശോധിക്കാന്‍ കരാര്‍ കന്പനിയായ കെഎംസിക്ക് നിര്‍ദ്ദേശം നല്‍കി. കല്‍ക്കെട്ട് മതിയായ ചരിവോടു കൂടിയല്ല നിര്‍മ്മിച്ചതെന്നും കണ്ടെത്തി. കല്‍ക്കെട്ടിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡ് നാട്ടുകാരുടെ ആവശ്യപ്രകാരമാണ് നിലനിര്‍ത്തിയത്. സര്‍വ്വീസ് റോഡ് മണ്ണിട്ട് നികത്തി ചരിവ് കൂട്ടേണ്ടി വരുമെന്നും പ്രൊജക്ട് മാനെജര്‍ പറഞ്ഞു. സര്‍വ്വീസ് റോഡ് അടയ്ക്കുന്നതിനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

പ്രൊജക്ട് മാനെജര്‍ ജില്ലാ ഭരണകൂടത്തിന് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതിയും വഴുക്കുംപാറയില്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് വഴുക്കുന്പാറ മേല്‍പ്പാലത്തിലെ കരിങ്കല്‍ കെട്ട് പുറത്തേക്ക് തള്ളിവന്നത്. ഇതോടെ ദേശീയ പാതയിലും വിള്ളലുണ്ടായി. തുടര്‍ന്നായിരുന്നു റവന്യൂ മന്ത്രിയും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി റിപ്പോര്‍ട്ട് തേടിയത്.

Related posts:

Leave a Reply

Your email address will not be published.