സിപിഎം സഹകരണ മേഖലയുടെ അന്തകനാവുന്നു: കെ.സുരേന്ദ്രൻ

1 min read

തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ മേഖലയെ തകർക്കുന്നതിൽ ഒന്നാം നമ്പർ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കരകയറാനാവാത്ത പതനത്തിലേക്ക് പിണറായി വിജയനാണ് സഹകരണ മേഖലയെ എത്തിച്ചത്. സാധാരണക്കാർ സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ പിൻവലിച്ച് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. നേരത്തെ സഹകരണ സ്ഥാപനങ്ങൾ ജനങ്ങൾ അത്താണിയിയിരുന്നുവെങ്കിൽ ഇപ്പോൾ അത് അവർക്ക് ദുഃസ്വപ്നമായിരിക്കുകയാണ്. സഹകരണ ബാങ്കുകൾക്ക് പൊതു സോഫ്റ്റ് വെയർ വേണമെന്ന കേന്ദ്ര നിർദ്ദേശം അനുസരിക്കാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്. ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാനും കേരളം തയ്യാറായില്ല. ഇതാണ് സംസ്ഥാനത്തെ സഹകരണമേഖല അഴിമതിയുടെ കൂത്തരങ്ങാവാൻ വഴിവെച്ചത്. ഈ ജാള്യത മറച്ചുവെക്കാനാണ് സർക്കാർ ബിജെപിയെ അധിക്ഷേപിക്കുന്നത്. ബിജെപി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്നുവെന്നത് ബാലിശമാണ്. തൻ്റെ മന്ത്രിസഭയിലെ അംഗവും പാർലമെൻ്റ് അംഗവും കരുവന്നൂർ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി കേസ് അട്ടിമറിച്ചത്.

നോട്ട് നിരോധന സമയത്ത് സിപിഎമ്മുകാർ സഹകരണ ബാങ്കുകൾ വഴി കോടികൾ വെളുപ്പിച്ചു. കണ്ണൂർ വിമാനത്താവളത്തിൻ്റെ നിർമ്മാണ സമയത്ത് നടന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ പണമാണ് കരുവന്നൂരിൽ ഉൾപ്പെടെ കുമിഞ്ഞുകൂടിയത്. ഉന്നത സിപിഎം നേതാക്കളുടെ പണമാണ് ഇടനിലക്കാരനായ സതീശൻ വട്ടപലിശയ്ക്ക് കൊടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

കൊള്ളപ്പണത്തിൻ്റെ കാര്യത്തിൽ പരസ്പരം ഒറ്റുകൊടുക്കരുതെന്ന എംവി ഗോവിന്ദൻ്റെ പരാമർശം അധപതനത്തിൻ്റെ ഉദാഹരണമാണ്. എആർ നഗർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്തിയത് യുഡിഎഫാണ്. യുഡിഎഫിന് ഇപ്പോഴാണോ കരുവന്നൂരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മനസിലായത്? കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയവരാണ് യുഡിഎഫ്. ഒരു പത്രം വഴി മുസ്ലിംലീഗ് 10 കോടിയാണ് വെളുപ്പിച്ചത്. അനിൽ അക്കര കരുവന്നൂർ തട്ടിപ്പിൽ എവിടെയാണ് ഇടപെട്ടത്? കേസിൻ്റെ ഒരു ഘട്ടത്തിലും അദ്ദേഹത്തെ കണ്ടിട്ടില്ല. ഇപ്പോൾ അദ്ദേഹം മാനത്ത് നിന്നും പൊട്ടിവീണതാണ്. യുഡിഎഫ്-എൽഡിഎഫ് സഹകരണ അഴിമതിക്കെതിരെ സഹകാരികളെ സംഘടിപ്പിച്ച് ബിജെപി സഹകരണ മുന്നേറ്റം നടത്തും. മാവേലിക്കര ഉൾപ്പെടെ യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള ബാങ്കിലെ തട്ടിപ്പിനെതിരെ പ്രക്ഷോഭം നടത്തും. നവംബറിൽ സഹകരണ സംരക്ഷണ സമ്മേളനം നടത്തും. കേരളത്തിലെ ആദ്യത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് സഹകരണമന്ത്രി വാസവൻ. സിപിഎമ്മുകാരുണ്ടാക്കിയ സ്വയംകൃത അനർത്ഥമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.