സുപ്രീം കോടതിയില്‍ നിര്‍ണ്ണായക ദിനങ്ങള്‍; സുപ്രധാനവിധികള്‍ പ്രതീക്ഷിച്ച് രാജ്യം

1 min read

ദീപാവലി അവധി കഴിഞ്ഞുള്ള ഈ ആഴ്ച സുപ്രീം കോടതിയില്‍ നിര്‍ണ്ണായക ദിനങ്ങള്‍. ചീഫ് ജസ്റ്റിസ് യു യു ലളിത് വിരമിക്കാനിരിക്കെ പിഎഫ് കേസിലും, സാമ്പത്തിക സംവരണ കേസിലും രാജ്യം കാത്തിരിക്കുന്ന നിര്‍ണ്ണായക വിധികളുണ്ടാകും. കേരളത്തെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റം സംബന്ധിച്ചുള്ള വിധി ഈ ആഴ്ച്ചയുണ്ടാകും.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പര്‍ കോടതിയില്‍ നിന്ന രാജ്യം കാത്തിരിക്കുന്നത് നിര്‍ണ്ണായകമായ വിധികളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനയുടെ 103ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ്. എഴ് ദിവസം തുടര്‍ച്ചയായി കേസില്‍ കോടതി വാദം കേട്ടു. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു. ഭേദഗതി റദ്ദാക്കിയാല്‍ അത് രാജ്യത്ത് വലിയ ചലനങ്ങളാകും സൃഷ്ടിക്കുക.

ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറയും. കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം വാദം കേട്ടിരുന്നു. ഉയര്‍ന്ന പെന്‍ഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴില്‍മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും നല്‍കിയ ഹ!ര്‍ജികളാണ് പരിഗണിച്ചത്. ഓഗസ്റ്റ് 11നു വാദം പൂര്‍ത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാല്‍ അത് വലിയ മാറ്റമാകും തൊഴില്‍രംഗത്ത് വരുത്തുക. കേരളത്തില്‍ നടക്കുന്ന സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ വിചാരണ ബെംഗളൂരൂവിലേക്ക് മാറ്റണമെന്ന ഹര്‍ജിയിലും അന്തിമ തീര്‍പ്പ് സുപ്രീം കോടതിയില്‍ നിന്ന് ഈ ആഴ്ച്ചയുണ്ടാകും. ഇഡി വാദത്തെ സംസ്ഥാനം അതിശക്തമായി എതിര്‍ത്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.