ഒരാഴ്ചയായിട്ടും എയിംസിലെ സര്‍വര്‍ പുന:സ്ഥാപിക്കാനായില്ലെങ്കില്‍ എന്ത് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്
1 min readഎയിംസ് സര്‍വര്‍ ഹാക്കിംഗില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.ഒരാഴ്ചയായിട്ടും സര്‍വര്‍ പുന:സ്ഥാപിക്കാനായിട്ടില്ലെങ്കില്‍ എന്ത് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനീഷ് തിവാരി ചോദിച്ചു .ഇന്ന് എയിംസ്, നാളെ മറ്റ് തന്ത്രപ്രധാന മേഖലകളും ആക്രമിക്കപ്പെട്ടേക്കും .എത്ര ദുര്‍ബലമാണ് നമ്മുടെ സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്ത് ഒരാഴ്ചയായിട്ടും പുനസ്ഥാപിച്ചിട്ടില്ല. സെര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായ വിവരം ദില്ലി പോലീസ് നിഷേധിച്ചു.
ദില്ലി എയിംസില്‍ തുടരുന്ന സര്‍വ്വര്‍ തകരാറ് റാന്‍സംവെയര്‍ ആക്രമണമെന്നാണ് സംശയം. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ ആയി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ല. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് റാന്‍സംവെയര്‍ ആക്രമണം ആണോ എന്ന സംശയം ഉയര്‍ന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓരോ ദിവസവും ലക്ഷക്കണക്കിന് രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് ദില്ലി എയിംസ്.
കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയില്‍ എത്തി ചികിത്സിക്കുന്നവരുടെയും രേഖകള്‍ ഉള്‍പ്പെടെയാണ് നിലവില്‍ ഹാക്കര്മാര്‍ ചോര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈബര്‍ അറ്റാക്കില്‍ ചൈനീസ് ഹാക്കര്‍മാരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. ഇന്ത്യാടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ തന്നെ പ്രധാന ആശുപത്രിയായ എയിംസില്‍ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നും റിപ്പോര്‍ട്ട്. ദുര്‍ബലമായ ഫയര്‍വാളും അപ്‌ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് പണിയായതെന്നാണ് പ്രഥമ റിപ്പോര്‍ട്ട്. ക്ലൗഡ്‌കേന്ദ്രീകൃത സെര്‍വറുകള്‍ ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. രോഗികളുടെ വിവരങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല. സൈബര്‍ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികള്‍ തന്നെയാണ് സ്ഥിരികരിച്ചത്. ഡാറ്റ ചോര്‍ത്തിയ ശേഷം പണം ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റാന്‍സംവെയര്‍.
ഇവിടെ നല്‍കേണ്ട തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമെ സ്മാര്‍ട് ലാബ്, ബില്ലിങ്, റിപ്പോര്‍ട്ട് ജനറേഷന്‍, അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവയും ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മാനുവലായാണ് ഡല്‍ഹി എയിംസില്‍ എല്ലാക്കാര്യങ്ങളും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഡ്മിഷന്‍, ഡിസ്ചാര്‍ജ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ മാനുവലായാണ് നിലവില്‍ തയ്യാറാക്കുന്നത്.
ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. പ്രോട്ടോണ്‍ മെയില്‍ അഡ്രസ് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആശുപത്രിയ്ക്ക് സഹായവുമായി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും (എന്‍ഐസി) സേര്‍ട്ട്ഇന്നും രംഗത്തെത്തിയിട്ടുണ്ട്.