ആവശ്യത്തിന് നഴ്‌സ്മാരില്ല ഹൃദയശസ്ത്രകൃയ വൈകും.
എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ പരാതി
1 min read
എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ പരാതിജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികള്‍ ആശങ്കയിലാണ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിശ്വാസമര്‍പ്പിച്ചാണ് ചെറായി സ്വദേശി ആന്റണി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. ആന്റണിയുടെ ഹൃദയത്തിലെ ബ്ലോക്ക് സങ്കീര്‍ണ അവസ്ഥയിലായതോടെ ശസ്ത്രക്രിയ അല്ലാതെ മറ്റ് വഴിയില്ല. മികച്ച ചികിത്സ സൗകര്യത്തിനൊപ്പം സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്താണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ആന്റണി മാര്‍ച്ചില്‍എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എത്രയും വേഗം ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ അറിയിച്ചു. പക്ഷേ അന്ന് മുതല്‍ തുടങ്ങിയതാണ് കാത്തിരിപ്പ്. നിരവധി ബുക്കിംഗ് ഉള്ളതിനാല്‍ കുറഞ്ഞത് രണ്ട് മാസത്തെ സമയമെടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഏറ്റവും ഒടുവില്‍ ജൂണ്‍ ആദ്യവാരത്തില്‍ ശസ്ത്രക്രിയ നടത്താമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചെങ്കിലും തിയതി പിന്നെയും മാറ്റി വെച്ചുവെന്ന് ആന്റണി പറയുന്നു. ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതാണ് പ്രതിസന്ധിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ശസ്ത്രക്രിയയുടെ തിയതി നീണ്ട് പോയതോടെ കുടുംബത്തിന് ആധിയാണ്. സാമ്പത്തിക ബാധ്യതയെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറുന്നതിനെ പറ്റി ആലോചിക്കാതെ വഴിയില്ലെന്നായി എന്ന് ആന്റണിയുടെ കുടുംബം പറയുന്നു. ജില്ലാ തല ജനറല്‍ ആശുപത്രികളില്‍ ഈ സൗകര്യം എത്തിയ ആദ്യ ആശുപത്രിയാണ് എറണാകുളത്തേത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഉദ്ഘാടനം. നിലവില്‍ ഒരു ഡോക്ടറാണ് ഈ വിഭാഗത്തില്‍ ഉള്ളത്. നഴ്‌സുമാരെ പി എസ് സി വഴിയല്ലാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രത്യേക വിഭാഗത്തിലേക്ക് പ്രവൃത്തി പരിചയം അനുസരിച്ചാണ് നിയമിച്ചത്. ദിവസം ഒരൊറ്റ ശസ്ത്രക്രിയ മാത്രമെ ചെയ്യാന്‍ കഴിയൂ എന്നത് കൊണ്ടാണ് കാലതാമസമെന്നാണ് നഴ്‌സിംഗ് സംഘടന പ്രതിനിധികള്‍ വിശദീകരിക്കുന്നത്.