നേപ്പാളില്‍ വീണ്ടും അധികാരത്തിലെത്തിയ പ്രചണ്ഡക്ക് ആശംസകളുമായി മോദി
1 min read
കാഠ്മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രിയായി പ്രചണ്ഡ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ ഇന്ന് അധികാരമേല്‍ക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പ്രചണ്ഡ പ്രധാനമന്ത്രി പദവിയിലേക്ക്എത്തുന്നത് ഇത് മൂന്നാം തവണയാണ്. 2008, 2016 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിരുന്നത്.
പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് ലെനിനിസ്റ്റും പ്രചണ്ഡയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്ററും തമ്മിലുള്ള സഖ്യസര്‍ക്കാരാണ് ഇത്തവണ അധികാരത്തിലെത്തുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രാഷ്ട്രപതി നേരത്തെ പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കി. വൈകിട്ട് നാലുമണിക്കാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ. അഞ്ച് വര്‍ഷത്തിന്റെ ആദ്യപകുതിക്കുശേഷം പ്രചണ്ഡ സ്ഥാനമൊഴിയുമെന്ന് ധാരണ. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ തൂക്കുസഭയായിരുന്നു നേപ്പാളില്‍ നിലവില്‍ വന്നത്.
പതിമൂന്ന് വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍മാവോയിസ്റ്റ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അതേസമയം നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരികമായി ആഴമുളളതാണ് ഇന്ത്യയും നേപ്പാളും തമ്മിലുളള ബന്ധം. ഇരു രാജ്യങ്ങളുടേയും സൗഹൃദം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.