ബഫര്‍സോണ്‍ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് ക്രൈസ്തവ സഭകള്‍

1 min read

കോഴിക്കോട്: ബഫര്‍സോണ്‍ വിഷയത്തില്‍ താമരശേരി രൂപതയുടെ പ്രത്യക്ഷ സമരം ഇന്ന് തുടങ്ങും. രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി ഉച്ചതിരിഞ്ഞാണ് മലയോര മേഖലയില്‍ പ്രതിഷേധം നടത്തുന്നത്. കക്കയത്തു നിന്നും പൂഴിത്തോട് നിന്നും മൂന്നു മണിക്ക് ജനജാഗ്രത യാത്ര തുടങ്ങും. വൈകീട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ടില്‍ യാത്ര സംഗമിക്കും. തുടര്‍ന്ന് നടത്തുന്ന പ്രതിഷേധ സംഗമം ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. അതേസമയം, സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ യോഗം നാളെ ചേരും. സമിതിയുടെ കാലാവധി രണ്ടു മാസത്തേക്ക് നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകത പുറത്ത് വന്നതോടെ പരാതിയുടെ പരമാവധി കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് വിവരശേഖരണം നടത്താനാണ് തീരുമാനം.

ബഫര്‍ സോണ്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഉപഗ്രഹ സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കണം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുള്ള സര്‍വെ നടത്തുന്നില്ലെങ്കില്‍ കേന്ദ്രം സമിതി രൂപികരിച്ച് സര്‍വെ നടത്തണമെന്നും ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളം നല്‍കിയ പുനപരിശോധന ഹര്‍ജി ജനുവരി പതിനൊന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ബഫര്‍ സോണില്‍ ഉപഗ്രഹ സര്‍വെ അന്തിമരേഖയല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക നീക്കങ്ങളു ടെ ഭാഗമായി വ്യക്തമായ ഉദ്ദേശത്തോടെ ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബഫര്‍സോണില്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത അംലഭാവമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.