കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ ശ്രമം: മുഖ്യമന്ത്രി

1 min read

കോഴിക്കോട്: സംസ്ഥാനത്തെ രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ക്രേസ് ബിസ്‌കറ്റിന്റെ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കൃത്യമായ ദിശാബോധത്തോടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളെയും ചെറുകിട സംരംഭങ്ങളെയുമെല്ലാം പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിട്ടത്. ഇത് കേരളത്തില്‍ എട്ട് മാസം കൊണ്ട് ലക്ഷ്യത്തിലെത്തിക്കാനായത് നേട്ടമാണ്. നാടിന്റെ ഭാവി മുന്നില്‍ കണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്തിപ്പോള്‍ 15ാം സ്ഥാനത്താണ് കേരളമുള്ളത്. പട്ടികയില്‍ കൂടുതല്‍ മുന്നിലേക്ക് എത്താനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം വേറിട്ട് പരിശോധിച്ചില്‍ നമ്മുടെ നാട് എത്രയോ മെച്ചമെന്ന് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ പരിശോധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ചതാണ്. എന്നാല്‍ വ്യവസായ രംഗത്ത് ഭൂമി കുറവാണെന്നതാണ് കേരളം നേരിടുന്ന വെല്ലുവിളി. അതിനാല്‍ തന്നെ സംസ്ഥാനത്തിന് യോജിച്ച നിലയിലുള്ള വ്യവസായ സംരംഭങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേരളം സ്റ്റാര്‍ട്ട് അപ്പ് സൗഹൃദമാവുകയാണ്. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുവാന്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൗരവത്തോടെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നീക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു പറഞ്ഞു.

കേരളത്തില്‍ മുന്‍ കാലങ്ങളില്‍ ചില ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മറ്റിടങ്ങളുമായി മത്സരിച്ച് ജയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. കേരളത്തിലേക്ക് വലിയ തോതില്‍ പാക്ക് ചെയ്ത പുറത്ത് നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വരുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ അവരോട് മത്സരിച്ച് ജയിക്കാനാവാത്ത ചില സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ആഗോള നിലവാരത്തിലുള്ള ബ്രാന്റുകള്‍ ഉണ്ടാവുന്നത് വ്യവസായ മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

Related posts:

Leave a Reply

Your email address will not be published.