27 വര്‍ഷം മുന്‍പു നടന്ന സംഭവമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്

1 min read

കിളിമാനൂര്‍ മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ്(70), ഭാര്യ വിമലാദേവി(65) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പനപ്പാംകുന്ന് അജിത് ഭവനില്‍ ശശിധരന്‍നായര്‍(75) ആണ് മരിച്ചത്.

85 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയാണ് ദമ്പതികള്‍ ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് സംഭവ സ്ഥലത്തും ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. 27 വര്‍ഷം മുന്‍പു നടന്ന സംഭവമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ശശിധരന്റെ മകന് പ്രഭാകരക്കുറുപ്പ് ഗള്‍ഫില്‍ ജോലി വാങ്ങി നല്‍കിയിരുന്നു. നല്ല ജോലിയും ശമ്പളവും ഇല്ലെന്ന് വീട്ടില്‍ ഒട്ടേറെത്തവണ പരാതിപ്പെട്ടിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ മകളും ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.

പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്ന സമയത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആയിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ശശിധരന്‍ നായരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സുമതി. മക്കള്‍: ഹിമ ബിന്ദു, പരേതരായ അജിത് പ്രസാദ്, തുഷാര ബിന്ദു.

Related posts:

Leave a Reply

Your email address will not be published.