ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടിന് സമാപിക്കും

1 min read

കാഞ്ഞങ്ങാട്: വടക്കന്‍ കേരളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ബേക്കല്‍ കോട്ടയുടെ തീരം ഇപ്പോള്‍ മറ്റൊരു ഉല്ലാസലഹരിയിലാണ്. കോട്ടയുടെ തെക്കന്‍ താഴ്‌വാരമായ പള്ളിക്കരയില്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് മേളയ്ക്കു തിരിതെളിയിച്ചത്. ഇരുന്നൂറില്‍പ്പരം സ്റ്റാളുകളാണ് ഇതിന്റെ ഭാഗമായൊരുക്കിയിട്ടുള്ളത്.

തിരമാലകളില്‍ ഉയര്‍ന്നുതാഴ്ന്ന് ആനന്ദാനുഭവം സമ്മാനിക്കുന്ന ഫ്‌ലോട്ടിങ് ബ്രിഡ്ജ് കാണാനും അതില്‍ കയറാനും തിക്കും തിരക്കുമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ ഡെന്‍സിറ്റി പോളി എത്തലിന്‍ (എച്ച്.ഡി.പി.ഇ.) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇത് വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്നു. മൂന്ന് മീറ്റര്‍ വീതിയും 150 മീറ്റര്‍ നീളവുമുണ്ടിതിന്. രാവിലെ 11 മുതല്‍ വൈകീട്ട് ആറുവരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒരേസമയം 50 പേര്‍ക്കാണ് പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.

കാസര്‍കോട് ബേക്കലില്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവെല്‍ നഗരിയില്‍ ക്രിസ്മസ് ദിനത്തിലെത്തിയവര്‍ ഗ്രാന്‍ഡ് കാര്‍ണിവല്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, ഹെലികോപ്റ്റര്‍ റൈഡ്, ഫഌര്‍ ഷോ, ബിസിനസ്സ് മേള, അലങ്കാര മത്സ്യമേള, എഡ്യു എക്‌സ്‌പോ, ബി2സി മാര്‍ക്കറ്റ് തുടങ്ങിയ കാഴ്ചകള്‍ ജനുവരി രണ്ടിന് സമാപിക്കും.

ഫെസ്റ്റിവല്‍ കാണാനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യും ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) എം.ഡി. ഷിജിന്‍ പറമ്പത്തും അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.