രസ്‌ന കമ്പനിയുടെ നെടുംതൂണ്‍ അരീസ് കമ്പട്ട അന്തരിച്ചു

1 min read

ഇന്ത്യന്‍ ബീവറേജ് കമ്പനി രസ്‌നയുടെ സ്ഥാപകന്‍ അരീസ് പ്രീരോജ്ഷാ കമ്പട്ട അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തേ തുടര്‍ന്നാണ് അഹമ്മദാബാദിലായിരുന്നു അന്ത്യം പ്രീരോജ്ഷായുടെ മകനായ അരീസ് 1962 ലാണ് ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. ലിംക, ഗോള്‍ഡ് സ്‌പോട്ട്, തംസപ് പോലുള്ള ബീവറേജ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ നേടിയ 1980കളിലാണ് രസ്‌ന ജനപ്രിയ ബ്രാന്‍ഡായി വിപണിയില്‍ ശക്തി നേടിയത്.

ദശലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഈ ഉത്പന്നം ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തില്‍ അറുപതോളം രാജ്യങ്ങളിലേക്ക് ഇത് കയറ്റി അയക്കുന്നുമുണ്ട്. 1940കളിലാണ് കമ്പനി ഉദയം കൊണ്ടത്. തുടക്കത്തില്‍ ബിസിനസ് ടു ബിസിനസ് രംഗത്താണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീടാണ് ബിസിനസ് ടു കണ്‍സ്യൂമര്‍ രംഗത്തേക്ക് കമ്പനി ചുവട് മാറ്റിയത്.

അരീസ് കമ്പട്ടയുടെ വരവോടെ രണ്ട് സെക്ടറിലും കമ്പനി ശക്തമായ സാന്നിധ്യമായി മാറി. അഞ്ച് രൂപയുടെ രസന പാക്ക് 32 ഗ്ലാസ് ഓറഞ്ച് ഫ്‌ലേവര്‍ വെള്ളം ആക്കി മാറ്റാന്‍ പറ്റും എന്നത് കൂടുതല്‍ പേരിലേക്ക് എത്താന്‍ കമ്പനിയെ സഹായിച്ചു. ഒരു ഗ്ലാസിനു ചെലവ് വെറും 15 പൈസ മാത്രം. കമ്പനി മികച്ച വളര്‍ച്ച നേടിയതിനൊപ്പം ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. പഴവര്‍ഗങ്ങളില്‍നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അദ്ദേഹം പുറത്തിറക്കയത് രാജ്യത്തെ ദശലക്ഷക്കണക്കിനു കര്‍ഷകര്‍ക്കു ഗുണപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഹോം ഗാര്‍ഡ് ആന്‍ഡ് സിവില്‍ ഡിഫന്‍സ് അവാര്‍ഡ്, നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, ഗുജറാത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ദായകന്‍ എന്ന നേട്ടത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് സമ്മാന്‍ പത്ര തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കമ്പനിയെ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു മുന്നേറാനുള്ള ശക്തിയും കരുത്തും നല്‍കിയ ശേഷമാണ് അരീസ് കമ്പട്ട പിന്‍വാങ്ങുന്നത്.

Related posts:

Leave a Reply

Your email address will not be published.