18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നല്‍കി സ്ത്രീ.
1 min readജനിക്കാന്‍ പോകുന്ന സ്വന്തം കുഞ്ഞിന് അപകടമൊന്നും വരാതിരിക്കാന്‍ 18 മാസം മാത്രം പ്രായമുള്ള മരുമകനെ ബലി നല്‍കി ഒരു സ്ത്രീ. യുപിയിലെ അംരോഹ ജില്ലയില്‍ മലക്പൂര്‍ ഗ്രാമത്തിലെ ആദംപൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയെ കൊലപ്പെടുത്തിയതിന് 32 കാരിയായ സരോജ് ദേവിയെയും അവരുടെ ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
കുട്ടിയുടെ പിതാവായ രമേഷ് കുമാര്‍ പറഞ്ഞു, എന്റെ മൂത്ത സഹോദരനും ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ ജനിക്കുകയും ജനിച്ചയുടനെ തന്നെ അവര്‍ മരിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഒരു ദുര്‍മന്ത്രവാദിയെ കണ്ടു. ഏട്ടത്തിയമ്മ നാലാമതും ഗര്‍ഭിണിയായപ്പോള്‍ ആ കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാന്‍ അയാളുടെ ഉപദേശ പ്രകാരം എന്റെ കുഞ്ഞിനെ അവര്‍ കൊല്ലുകയായിരുന്നു.
കുഞ്ഞിനെ വീട്ടില്‍ നിന്നും ദുരൂഹമായി കാണാതായതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നും കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങള്‍ കിട്ടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. അവന്റെ മുത്തശ്ശി ഗംഗാദേവിയെയും അമ്മായി സരോജിനെയും കുട്ടിയുടെ ചുമതല ഏല്‍പ്പിച്ചിരുന്നു. കാണാതായ കുട്ടിയെ കണ്ടെത്താന്‍ വീട്ടുകാര്‍ക്ക് സാധിക്കാത്തതിനെ തുടര്‍ന്ന് രമേഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയതായും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ദിവസത്തിന് ശേഷം ഒരു കര്‍ഷകനാണ് തന്റെ കരിമ്പിന്‍ തോട്ടത്തില്‍ ഒരു കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ കിടക്കുന്നു എന്ന് പൊലീസില്‍ അറിയിച്ചത്. ഗ്രാമത്തില്‍ നിന്നും 400 മീറ്റര്‍ വിട്ടുമാറിയാണ് പ്രസ്തുത കരിമ്പിന്‍ തോട്ടം. സരോജ് കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
അംരോഹ പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ പറഞ്ഞു, ഒരു യാഗത്തിനിടെയാണ് കുട്ടി കൊല്ലപ്പെട്ടത്. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവര്‍ പൊലീസിനോട് സമ്മതിച്ചു. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്, കാലും മറ്റ് ശരീരഭാഗങ്ങളും പിന്നീട് മുറിച്ച് മാറ്റി, നെറ്റിയില്‍ തിലകം തൊട്ട കുട്ടിയുടെ തല പിന്നീട് കണ്ടെത്തി.