എയിംസില്‍ സൈബര്‍ ആക്രമണം ; പണം ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍, അന്വേഷണം ഊര്‍ജിതമാക്കി

1 min read

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നാണ് ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അഥവാ എയിംസ്. രോഗികളെ കുറിച്ചുള്ള എല്ലാ ആശുപത്രി രേഖകളും സൈബര്‍ ആക്രമണകാരികളുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍. ഈ രേഖകള്‍ വിട്ടുനല്‍കണമെങ്കില്‍ പണം നല്‍കണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളതായി സിഎന്‍ബിസിടിവി18 പറയുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസില്‍ നിരവധി രോഗികളാണ് എത്തുന്നത്. കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയില്‍ എത്തി ചികിത്സിക്കുന്നവരുടെയും രേഖകള്‍ ഉള്‍പ്പെടെയാണ് നിലവില്‍ ഹാക്കര്മാര്‍ ചോര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈബര്‍ അറ്റാക്കില്‍ ചൈനീസ് ഹാക്കര്‍മാരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. ഇന്ത്യാടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ തന്നെ പ്രധാന ആശുപത്രിയായ എയിംസില്‍ ഉപയോഗിച്ചിരുന്നത് പഴയ സിസ്റ്റം ആയിരുന്നു എന്നു റിപ്പോര്‍ട്ട്. ദുര്‍ബലമായ ഫയര്‍വാളും അപ്‌ഡേറ്റഡല്ലാത്ത സിസ്റ്റവുമാണ് പണിയായതെന്നാണ് പ്രഥമ റിപ്പോര്‍ട്ട്. ക്ലൗഡ്‌കേന്ദ്രീകൃത സെര്‍വറുകള്‍ ഇല്ലായിരുന്നു എന്നും പറയപ്പെടുന്നു. രോഗികളുടെ വിവരങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല. സൈബര്‍ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികള്‍ തന്നെയാണ് സ്ഥിരികരിച്ചത്. ഡാറ്റ ചോര്‍ത്തിയ ശേഷം പണം ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റാന്‍സംവെയര്‍.

ഇവിടെ നല്‍കേണ്ട തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. രോഗികളെ സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമെ സ്മാര്‍ട് ലാബ്, ബില്ലിങ്, റിപ്പോര്‍ട്ട് ജനറേഷന്‍, അപ്പോയിന്റ്‌മെന്റ് സിസ്റ്റം എന്നിവയും ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മാനുവലായാണ് ഡല്‍ഹി എയിംസില്‍ എല്ലാക്കാര്യങ്ങളും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഡ്മിഷന്‍, ഡിസ്ചാര്‍ജ്, ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ മാനുവലായാണ് നിലവില്‍ തയ്യാറാക്കുന്നത്.

ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. പ്രോട്ടോണ്‍ മെയില്‍ അഡ്രസ് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആശുപത്രിയ്ക്ക് സഹായവുമായി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും (എന്‍ഐസി) സേര്‍ട്ട്ഇന്നും രംഗത്തെത്തിയിട്ടുണ്ട്.

ഹാക്കര്‍മാരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആരോഗ്യപരിപാലന രംഗത്താണ് ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുമാണ്.

Related posts:

Leave a Reply

Your email address will not be published.